വൻകൂവർ: യുഎസിൽ നിന്ന് കാനഡയിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച 112 കിലോ ഓപിയം മെട്രോ വൻകൂവർ അതിർത്തിയിൽ പിടികൂടിയതായി റിപ്പോർട്ട്. പസഫിക് ഹൈവേ ട്രക്ക് ക്രോസിങിൽ ജനുവരി 9-നാണ് സംഭവം നടന്നതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. 108 ഇഷ്ടികകളുടെ രൂപത്തിലാക്കിയാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
അതിർത്തി കടന്നെത്തിയ ട്രക്കിന്റെ ട്രെയിലറിൽ സംശയാസ്പദമായ രീതിയിൽ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. സാധാരണ പച്ചക്കറികൾ കൊണ്ടുപോകുന്ന പാക്കേജിങിൽ നിന്നും വ്യത്യസ്തമായ കാർഡ്ബോർഡ് ബോക്സുകൾ കണ്ടത് സംശയം വർദ്ധിപ്പിച്ചു. തുടർന്ന് ലഹരിമരുന്ന് തിരിച്ചറിയാൻ പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ഓപിയം ശേഖരം കണ്ടെത്തിയത്.

പിടികൂടിയ ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ വലിയ മൂല്യമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾക്കായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) നാർക്കോട്ടിക് യൂണിറ്റിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
