ടോക്കിയോ: ജപ്പാനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള മാതൃസംരക്ഷണ നിയമത്തിൽ കടുത്ത പ്രതിഷേധവുമായി സ്‌ത്രീകൾ നിയമപോരാട്ടത്തിൽ. വന്ധ്യംകരണത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിക്കണമെന്നും, പ്രസവം നിറുത്തുന്നതിന് നിലവിലുള്ള കർശന നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിലെ നിയമപ്രകാരം ജപ്പാനിൽ ഒരു ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിലോ, അല്ലെങ്കിൽ പ്രസവം സ്ത്രീയുടെ ആരോഗ്യത്തിന് മാരകമായ ഭീഷണിയാണെന്ന് തെളിയിച്ചാലോ മാത്രമാണ് പ്രസവം നിറുത്താൻ കഴിയൂ. ഇതിനെല്ലാം പുറമേ സമ്മതപത്രത്തിൽ ജീവിതപങ്കാളി ഒപ്പിടണം എന്നിവയും നിർബന്ധമാണ്. ഇത് സ്ത്രീകളുടെ ശരീരത്തിന്മേലുള്ള അവരുടെ സ്വയംനിർണ്ണയാവകാശത്തെ ലംഘിക്കുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം. കുഞ്ഞുങ്ങൾ വേണ്ടെന്ന് ഉറച്ച തീരുമാനമെടുത്ത കസാനെ കാജിയ 27-ാം വയസ്സിൽ അമേരിക്കയിലെത്തിയാണ് വന്ധ്യംകര ശസ്ത്രക്രിയ നടത്തിയത്. ഗർഭപാത്രം രാജ്യത്തിന്റെ സ്വത്തല്ല എന്നാണ് അവരുടെ വാദം. രാജ്യത്തിന് വേണ്ടി കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള യന്ത്രങ്ങളായി മാത്രം തങ്ങളെ കാണുന്നതിനോടുള്ള തന്റെ അവസാനത്തെ നോ ആണ് ഈ പോരാട്ടമെന്നും അവർ പറയുന്നു.

പ്രസവിക്കാനുള്ള ശേഷി ഇല്ലാതാക്കാനുള്ള സ്വാതന്ത്ര്യം സർക്കാർ തടയുന്നത് സ്‌ത്രീകൾ പ്രസവിക്കണമെന്ന നിർബന്ധബുദ്ധി കൊണ്ടാണ്. ഞങ്ങൾ വെറും ഗർഭപാത്രങ്ങളല്ല, മനുഷ്യരാണ്.” – കസാനെ പറഞ്ഞു. മാതൃത്വം എന്റെ ശരീരത്തിന്റെ ലക്ഷ്യമല്ല എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്രപ്രധാനമായ കേസിൽ ടോക്കിയോ ഡിസ്ട്രിക്റ്റ് കോടതി മാർച്ച് 17 വിധി പുറപ്പെടുവിക്കും. ജപ്പാനിലെ ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ സ്ത്രീകൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ട്. ഗർഭനിരോധന ഗുളികകളും മറ്റ് ആധുനിക മാർഗ്ഗങ്ങളും ജപ്പാനിൽ ഇപ്പോഴും വേണ്ടത്ര പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പുരുഷന്മാർക്ക് വന്ധ്യംകരണം നടത്താൻ നിയമം താരതമ്യേന ഉദാരമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.
