ബോസ്റ്റൺ: അമേരിക്കയിൽ ‘യു-വീസ’ (U-Visa) ലഭിക്കുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ വ്യാജ കവർച്ചാ നാടകം സംഘടിപ്പിച്ച 11 ഇന്ത്യൻ പൗരന്മാർ പിടിയിൽ. മസാച്ചുസെറ്റ്സ് ഉൾപ്പെടെ വിവിധ ഇടങ്ങളിലെ കടകളിൽ സായുധ കവർച്ച നടന്നതായി വ്യാജരേഖയുണ്ടാക്കി ഇമിഗ്രേഷൻ ആനുകൂല്യങ്ങൾ നേടാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. വീസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയും അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുകയും ചെയ്യുന്ന വിദേശികൾക്ക് യുഎസ് നൽകുന്ന പ്രത്യേക വീസയാണ് ‘യു-വീസ’. ഇത് കരസ്ഥമാക്കാനായി പ്രതികൾ തോക്കുപയോഗിച്ച് കടകളിൽ കവർച്ച നടത്തുന്നതായി അഭിനയിക്കുകയും ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിപ്പിക്കുകയും ചെയ്തു. കവർച്ചയ്ക്ക് ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ സമയം നൽകാനായി അഞ്ച് മിനിറ്റിലധികം വൈകിയാണ് പൊലീസിനെ വിവരം അറിയിച്ചിരുന്നത്. മദ്യശാലകൾ, ഫാസ്റ്റ് ഫുഡ് സെന്ററുകൾ എന്നിവിടങ്ങളിലായി ഇത്തരത്തിൽ ആറോളം വ്യാജ കവർച്ചകൾ സംഘടിപ്പിച്ചതായി എഫ്ബിഐ കണ്ടെത്തി.

രമേശ്ഭായ് പട്ടേൽ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. വീസയ്ക്കായി വ്യാജ ഇരകളാകാൻ തയ്യാറുള്ളവരിൽ നിന്ന് പണം വാങ്ങുകയും ആ പണം ഉപയോഗിച്ച് കടയുടമകളെ സ്വാധീനിക്കുകയും ചെയ്താണ് പദ്ധതി നടപ്പിലാക്കിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ പിഴയും പ്രതികൾക്ക് ലഭിക്കാം. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും.
