ഓട്ടവ: മാനസികാരോഗ്യ പ്രശ്നങ്ങളും ലഹരി ഉപയോഗവും മൂലം പ്രതിസന്ധിയിലാകുന്നവരെ സഹായിക്കാനുള്ള ‘ആങ്കർ’ (ANCHOR) പദ്ധതി വിപുലീകരിച്ച് ഓട്ടവ സിറ്റി കൗൺസിൽ. പൊലീസിന്റെ ഇടപെടൽ ആവശ്യമില്ലാത്ത ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ദ്ധ സംഘത്തിന്റെ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 2026 ബജറ്റിൽ 7 ലക്ഷം ഡോളറാണ് കൗൺസിൽ അനുവദിച്ചിരിക്കുന്നത്.
രണ്ടാം പാദത്തോടെ ബൈവേർഡ് മാർക്കറ്റ്, ലോവർടൗൺ, സാൻഡി ഹിൽ, വാനിയർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കും. ഈ പ്രദേശങ്ങളിലെ ജനസംഖ്യയും ആശുപത്രി കേസുകളും കണക്കിലെടുത്താണ് തീരുമാനം. ചികിത്സയ്ക്ക് ശേഷമുള്ള തുടർപരിചരണത്തിനായി രണ്ട് പുതിയ സോഷ്യൽ വർക്കർമാരെ കൂടി നിയമിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയുടെ ആദ്യവർഷം ലഭിച്ച കോളുകളിൽ 92 ശതമാനവും പൊലീസിന്റെ സഹായമില്ലാതെ കൈകാര്യം ചെയ്യാൻ സാധിച്ചു എന്നതാണ് വലിയ നേട്ടം. കൂടുതൽ ശാസ്ത്രീയവും മനുഷ്യത്വപരവുമായ പരിചരണം ഉറപ്പാക്കാനാണ് ആങ്കർ ശ്രമിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി 2027-ൽ കൗൺസിലിന് മുന്നിൽ പ്രത്യേക ബിസിനസ് പ്ലാൻ അവതരിപ്പിക്കും.
