ഇസ്താംബുൾ: ലെബനനിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി തുർക്കി. ഹിസ്ബുള്ളയെ നേരിടുന്നു എന്ന വ്യാജേന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുതിയൊരു വംശഹത്യക്ക് ഒരുങ്ങുകയാണെന്ന് ടർക്കിഷ് വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇസ്രയേൽ തുടരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം എത്രയും വേഗം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതോടെയാണ് ലെബനൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 65 സ്ത്രീകളും 106 കുട്ടികളുമടക്കം 826 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടായിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗാസയിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ടർക്കി ഇതിനകം പലതവണ ആരോപിച്ചിട്ടുണ്ട്. ഗാസയിൽ ഇതുവരെ 72,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതിയും ഇസ്രായേലിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേലും ഹമാസും തങ്ങൾക്കെതിരെയുള്ള വംശഹത്യ, യുദ്ധക്കുറ്റ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്
