ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോയുടെ ചില ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലും മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ താപനില കുറയുകയും അധിക മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൽട്ടൺ, ദുർഹം മേഖലകളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

കാറ്റിനൊപ്പം മഞ്ഞും വീഴുന്നതോടെ ദൃശ്യപരത കുറയുമെന്നും ഡ്രൈവർമാരും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. രാവിലെ യാത്രക്കൊരുങ്ങുന്നവർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം. റോഡുകളും നടപ്പാതകളും വഴുക്കലുള്ളതാകുമെന്നതിനാൽ യാത്ര ദുഷ്കരമാകും. അതേസമയം കൊടും തണുപ്പും ശക്തമായ കാറ്റും ഉള്ളതിനാൽ മഞ്ഞ് നീക്കം ചെയ്യുന്ന ജോലിക്കാർ ഇടയ്ക്കിടെ ഇടവേളകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.
