ദുബായ്: യുഎഇയിലെ ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം. പ്രദേശത്ത് തീപിടിത്തം. എയര്‍പോര്‍ട്ടിലെ എണ്ണടാങ്കിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും തീയണക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വിമാന സര്‍വീസുകള്‍ തത്കാലത്തേക്ക് റദ്ദാക്കി.
സുരക്ഷ ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. യാത്രക്കാര്‍ അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം, ദുബായ് എയര്‍പോര്‍ട്ട് റോഡും എയര്‍പോര്‍ട്ട് ടണലും താത്കാലികമായി അടച്ചു. വാഹനങ്ങള്‍ ബദല്‍ റോഡുകള്‍ വഴി പോകണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. അതിനിടെ, ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലേക്കുള്ള (DXB) ചില വിമാനങ്ങള്‍ തിരിച്ചു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ തന്നെ മക്തൂം എയര്‍പോര്‍ട്ടിലേക്കാണ് (DWC) വിമാനങ്ങള്‍ തിരിച്ചുവിടുക.
