മൺട്രിയോൾ: ആഗോളതലത്തിൽ ആവശ്യക്കാർ വർദ്ധിച്ചതോടെ കെബെക്കിലെ പരമ്പരാഗത മേപ്പിൾ സിറപ്പ് ഉൽപ്പാദനം അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് ചുവടുവെക്കുന്നു. പരമ്പരാഗത രീതികൾക്ക് പകരം ഓട്ടോമേഷൻ, ക്യാമറ നിരീക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിക്കുന്ന ‘മേപ്പിൾ 2.0’ രീതിയിലേക്കാണ് കർഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരങ്ങളിലെ പൈപ്പുകളിൽ ഉണ്ടാകുന്ന ചോർച്ചകളും താപനില വ്യതിയാനങ്ങളും സെൻസറുകൾ വഴി തിരിച്ചറിയുന്നതിലൂടെ ഉൽപ്പാദനക്ഷമത ഗണ്യമായി വർദ്ധിക്കുന്നു.

കഴിഞ്ഞ വർഷം മേപ്പിൾ സിറപ്പിന്റെ അന്താരാഷ്ട്ര ആവശ്യകതയിൽ 19% വർദ്ധനവുണ്ടായതോടെ കെബെക്കിന് തങ്ങളുടെ കരുതൽ ശേഖരത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇത് കണക്കിലെടുത്ത് മേഖലയിൽ ലക്ഷക്കണക്കിന് പുതിയ ടാപ്പിങുകൾക്ക് അധികൃതർ അനുമതി നൽകി.
കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയാണെങ്കിലും സബ്സിഡികളുടെ സഹായത്തോടെ വലിയ നിക്ഷേപം നടത്തി വ്യവസായം വിപുലീകരിക്കാനാണ് കർഷകരുടെ തീരുമാനം. ചെറുകിട കർഷകർക്കായി വലിയ പ്രൊഡക്ഷൻ സെന്ററുകളിൽ സിറപ്പ് നിർമ്മിച്ചു നൽകുന്ന പുതിയ ബിസിനസ് മാതൃകകളും ഈ രംഗത്ത് സജീവമായിട്ടുണ്ട്.
