ഡിട്രോയിറ്റ്: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം നടത്തിയ വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറാണെന്ന് ഇസ്രയേൽ. കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് ബ്ലൂംഫീൽഡിലെ ‘ടെമ്പിൾ ഇസ്രായേൽ’ സിനഗോഗിലേക്ക് സ്ഫോടകവസ്തുക്കളുമായി ട്രക്ക് ഓടിച്ചു കയറ്റിയ ലെബനൻ വംശജനായ അയ്മൻ മുഹമ്മദ് ഗസാലിയുടെ (41) സഹോദരനെക്കുറിച്ചാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. മിഷിഗണിലെ പ്രമുഖ ജൂത ദേവാലയത്തിലേക്ക് സ്‌ഫോടകവസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും അടങ്ങിയ ട്രക്ക് ഇടിച്ചുകയറ്റിയ അയ്മൻ ഗസാലി, സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട അക്രമിയുടെ സഹോദരൻ ഇബ്രാഹിം മുഹമ്മദ് ഗസാലി ഹിസ്ബുള്ളയുടെ ബദർ യൂണിറ്റിലെ കമാൻഡറായിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇബ്രാഹിം കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന് നേരെ നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ട യൂണിറ്റിന്റെ ചുമതല ഇയാൾക്കായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ആഴ്ച ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ അയ്മൻ ഗസാലിയുടെ രണ്ട് സഹോദരന്മാരും ഒരു അനന്തരവനും അനന്തരവളും കൊല്ലപ്പെട്ടിരുന്നു. വ്യക്തിപരമായ നഷ്ടങ്ങളും പ്രതികാര ബുദ്ധിയുമാകാം സിനഗോഗിന് നേരെയുള്ള ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

ആക്രമണ സമയത്ത് സിനഗോഗിലും അവിടെയുള്ള സ്കൂളിലുമായി നൂറിലധികം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടതിനാൽ കുട്ടികൾക്കോ ജീവനക്കാർക്കോ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേൽക്കുകയും പുക ശ്വസിച്ച 30 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂത സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ അക്രമമായാണ് എഫ്ബിഐ ഈ സംഭവത്തെ കാണുന്നത്. അക്രമിയുടെ ഡിജിറ്റൽ രേഖകളും അന്താരാഷ്ട്ര ബന്ധങ്ങളും ഏജൻസി പരിശോധിച്ചു വരികയാണ്. മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ സംഭവത്തെ ശക്തമായി അപലപിച്ചു. ജൂത വിരുദ്ധത അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണെന്നും ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.
