ടൊറൻ്റോ: കാനഡയിലെ ഓട്ടോമൊബൈൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനും അമേരിക്കൻ വിപണിയിൽ താരിഫില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതി പ്രഖ്യാപനവുമായി കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ്. ഒന്റാരിയോയിലെ വിൻഡ്‌സറിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ ഏറ്റവും വലിയ സാമ്പത്തിക നയങ്ങളിലൊന്ന് വെളിപ്പെടുത്തിയത്. കാനഡയിലെ വാഹന ഉത്‌പാദനം പ്രതിവർഷം 20 ലക്ഷമായി വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാനഡയിൽ നിർമ്മിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കുന്ന പദ്ധതിയാണിത്. ഇതോടെ വാഹനങ്ങളുടെ വില കുറയുകയും അതുവഴി ആഭ്യന്തര വിപണിയിൽ കൂടുതൽ വിൽപ്പന നടക്കുമെന്നുമാണ് പൊളിയേവിൻ്റെ വാദം. കാനഡയിൽ നിർമ്മിക്കുന്ന ഓരോ വാഹനത്തിനും പകരമായി, യു.എസ്സിലോ മെക്സിക്കോയിലോ നിർമ്മിച്ച ഒരു വാഹനം കാനഡയിൽ ഇറക്കുമതി തീരുവയില്ലാതെ വിൽക്കാനുള്ള അനുമതിയും നൽകും.

ചൈനയിൽ നിന്നുള്ള വാഹനങ്ങളുടെയും പാർട്‌സുകളുടെയും കാര്യത്തിൽ യു.എസ്സിൻ്റെ അതേ നിലപാടും നികുതി വ്യവസ്ഥകളും കാനഡയും സ്വീകരിക്കുമെന്നും വ്യാപാര ചർച്ചകളിൽ കാനഡയ്ക്ക് കൂടുതൽ മുൻതൂക്കം ലഭിക്കാൻ ഇത് സഹായിക്കുമെന്നുമാണ് പൊളിയേവിൻ്റെ വിലയിരുത്തൽ. നിലവിൽ കാനഡയിലെ വാഹന ഉത്‌പാദനം 12 ലക്ഷമാണ്. ഇത് വരും വർഷങ്ങളിൽ 20 ലക്ഷമായി ഉയർത്തുക എന്നതാണ് പൊളിയേവിൻ്റെ പദ്ധതിയുടെ ലക്ഷ്യം. ട്രംപിൻ്റെ വ്യാപാര യുദ്ധത്തിന്റെ പിന്നാലെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടി വരുന്ന സാഹചര്യത്തിലാണ് പൊളിയേവിൻ്റെ ഈ നീക്കം. ഇതിന്റെ ഭാഗമെന്ന നിലയിൽ അദ്ദേഹം ഡിട്രോയിറ്റിലെത്തി ഫോർഡ്, ജനറൽ മോട്ടോഴ്‌സ് തുടങ്ങിയ വൻകിട കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ലിബറൽ ഗവൺമെന്റിന്റെ നയങ്ങൾ കാനഡയുടെ ഓട്ടോമൊബൈൽ മേഖലയെ തകർക്കുകയാണെന്നും തന്റെ ‘ഓട്ടോ പാക്റ്റ്’ മേഖലയെ രക്ഷിക്കാനുള്ള ഏക മാർഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.എസ് സന്ദർശനത്തിൻ്റെ ഭാഗമായി ടെക്സസ്, ന്യൂയോർക്ക് എന്നിവിടങ്ങളിലെത്തുന്ന പൊളിയേവ് കാനഡയുടെ ഊർജ്ജ-വ്യാപാര താത്‌പര്യങ്ങൾക്കുവേണ്ടി സംസാരിക്കും.
