ടെഹ്റാൻ: അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും ഇപ്പോൾ താത്പര്യമില്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മാർച്ച 15-ന് അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേലിന്റെയും താത്പര്യപ്രകാരം അടിച്ചേല്പിക്കപ്പെട്ട യുദ്ധമാണ് ഇത്. തങ്ങൾ കേവലം സ്വയംപ്രതിരോധം മാത്രമാണ് നടത്തുന്നത്. നയതന്ത്ര ചർച്ചകൾ നടന്നുകൊണ്ടിരിക്കെ അമേരിക്ക ആക്രമണം തുടങ്ങിയതെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. അതിനാൽ തന്നെ ഇനി യു.എസ്സുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നാണ് ഇറാന്റെ നിലപാട്. വെറും ഒരു വെടിനിർത്തലല്ല, മറിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുകയാണ് വേണ്ടത്.

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ, മേഖലയിലെ അമേരിക്കൻ കമ്പനികളുടെ ആസ്തികൾ ലക്ഷ്യം വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെന്നും ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണമുണ്ടാകുമെന്നും അരാഗ്ചി സൂചിപ്പിച്ചു. ഫെബ്രുവരിയിൽ നടന്ന വ്യോമാക്രമണത്തിന് പിന്നാലെ ഇറാനിലെ പരമോന്നത നേതാവായ മുജ്തബ ഖൊമേനിക്ക് പരുക്കേറ്റു എന്ന അവകാശവാദങ്ങൾ അരാഗ്ചി തള്ളിക്കളഞ്ഞു. പുതിയ നേതൃത്വത്തിൻ്റെ കീഴിൽ രാജ്യം ശക്തമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
