വാഷിങ്ടൺ / ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സൈനിക പിന്തുണ നൽകാത്ത നാറ്റോ രാജ്യങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെടുന്നത് നാറ്റോയുടെ ഭാവിക്ക് തന്നെ വെല്ലുവിളിയാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഉപരോധത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിൽ ബാരലിന് 105 ഡോളർ വരെ വില ഉയർന്നു. ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ മടിക്കുന്നത് ആഗോള സാമ്പത്തിക പ്രതിസന്ധി വളരെയധികം രൂക്ഷമാക്കിയിട്ടുണ്ട്. ഇതൊരു പ്രതിരോധ സഖ്യമാണെന്നും അല്ലാതെ ഒരാൾ തുടങ്ങുന്ന യുദ്ധത്തിൽ മറ്റുള്ളവർ നിർബന്ധപൂർവ്വം പങ്കുചേരേണ്ട ഒന്നല്ലെന്നും ബ്രിട്ടീഷ് മുൻ സൈനിക മേധാവി ജനറൽ സർ നിക്ക് കാർട്ടർ വ്യക്തമാക്കി. ജർമ്മനിയും ഓസ്ട്രേലിയയും തങ്ങളുടെ കപ്പലുകൾ അയക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ യു.എസ് മിസൈൽ ആക്രമണം നടത്തി. എന്നാൽ എണ്ണ ശുദ്ധീകരണശാലകൾ തകർക്കാതെ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.
കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സമുദ്ര മൈനുകൾ നീക്കം ചെയ്യാൻ ബ്രിട്ടീഷ് റോയൽ നേവി ഡ്രോണുകളെ രംഗത്തിറക്കിയതും പുതിയ സൈനികനീക്കമായി. ദശകങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു വൻകിട മൈൻ നീക്കൽ ദൗത്യം നടക്കുന്നത്.
