എഡ്മിന്റൺ: അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസെറ്റ്) ആൽബെർട്ടയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു. മാർച്ച് 8-ന് എഡ്മിന്റണിൽ നടന്ന ചടങ്ങിൽ ആൽബെർട്ടയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ അന്നമ്മ എബ്രഹാം, റേച്ചൽ മാത്യു, രാജമ്മാൾ റാം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കാനഡയിലെ ഇവരുടെ 60 വർഷത്തോളമുള്ള ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് പങ്കെടുത്തവർക്ക് വലിയ പ്രചോദനമായി. പരിപാടിയുടെ സ്പോൺസർ ഡെസ്സ എഡിസൺ ഇവർക്ക് അവാർഡുകൾ കൈമാറി.

സ്ത്രീകളുടെ മാനസികാരോഗ്യം, സ്വയം പരിചരണം, ശിശുപരിപാലനം എന്നീ വിഷയങ്ങളിൽ നടന്ന ചർച്ച പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. സൈക്കോളജിസ്റ്റ് നയന നാരായണൻ, സാമൂഹ്യപ്രവർത്തകരായ ഡോ. റിൻസി സെബാസ്റ്റ്യൻ, ബിയ ബാബു, രജിസ്റ്റേർഡ് നേഴ്സ് ജെസി ജയകൃഷ്ണൻ എന്നിവർ പാനലിസ്റ്റുകളായി. ഡോ. അനു സ്റ്റെല്ല മാത്യൂസ്, അമ്പിളി റോസ് എന്നിവർ മോഡറേറ്റർമാരായി ചർച്ചകൾ നിയന്ത്രിച്ചു. മഞ്ജു സാംസൺ അവതാരകയായ പരിപാടിയിൽ ചിത്രരചനയും കുസൃതി ചോദ്യങ്ങളും ഉൾപ്പെടുത്തിയ സെഷനുകളും സംഘടിപ്പിച്ചു. എഡ്മിന്റണിലെ മലയാളികൾക്കിടയിൽ ഇത്തരമൊരു വനിതാ ദിന ആഘോഷം ആദ്യമായാണ് സംഘടിപ്പിക്കുന്നത്. അസെറ്റ് ആൽബെർട്ട ബോർഡ് അംഗം അമ്പിളി സാജു ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
