Monday, March 16, 2026

എപ്‌സ്റ്റീൻ ലൈംഗികാതിക്രമക്കേസ്; പരാതിക്കാരുമായി ഒത്തുതീർപ്പിന് തയ്യാറായി ബാങ്ക് ഓഫ് അമേരിക്ക

വാഷിങ്ടൺ: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾക്ക് വഴിവിട്ട സാമ്പത്തിക സഹായങ്ങൾ നൽകിയെന്നാരോപിച്ച് യുവതികൾ നൽകിയ സിവിൽ കേസിൽ ഒത്തുതീർപ്പിന് തയ്യാറായതായി അറിയിച്ച് ബാങ്ക് ഓഫ് അമേരിക്ക. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നിട്ടും ലാഭം ലക്ഷ്യമിട്ട് ബാങ്ക് സംശയകരമായ ഇടപാടുകൾക്ക് അനുമതി നൽകിയെന്നായിരുന്നു പരാതിക്കാരുടെ വാദം. ‘ജെയ്ൻ ഡോ’ എന്ന പേരിൽ അറിയപ്പെടുന്ന അതിജീവിത നൽകിയ ഈ ഹർജിയിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തിങ്കളാഴ്ചയാണ് കോടതി രേഖകളിൽ വ്യക്തമായത്.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഫെഡറൽ നിയമങ്ങൾ ബാങ്ക് ലംഘിച്ചുവെന്നും എപ്‌സ്റ്റീന്റെ ഇടപാടുകളിൽ നിന്ന് ബോധപൂർവ്വം ലാഭം കൊയ്തുവെന്നും ചൂണ്ടിക്കാട്ടി ജനുവരിയിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് ജഡ്ജി ജെഡ് റാക്കോഫ് ബാങ്കിനെതിരെ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സഹസ്ഥാപകൻ ലിയോൺ ബ്ലാക്ക് എപ്‌സ്റ്റീന് നൽകിയ വൻതുകയുടെ കൈമാറ്റങ്ങൾ ഉൾപ്പെടെയുള്ളവ ബാങ്ക് ഓഫ് അമേരിക്കയുടെ നിരീക്ഷണത്തിൽ വീഴ്ച വരുത്തിയതായി പരാതിയിൽ പറയുന്നു. നികുതി ആവശ്യങ്ങൾക്കായി എപ്‌സ്റ്റീന് 15.8 കോടി ഡോളർ നൽകിയതായി ലിയോൺ ബ്ലാക്ക് സമ്മതിച്ചിരുന്നെങ്കിലും കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

നേരത്തെ സമാനമായ ആരോപണങ്ങളെത്തുടർന്ന് ജെപി മോർഗൻ ചേസ് 29 കോടി ഡോളറും ഡോയ്ഷെ ബാങ്ക് 7.5 കോടി ഡോളറും പരാതിക്കാർക്ക് നൽകി ഒത്തുതീർപ്പിലെത്തിയിരുന്നു. ഈ കേസുകളുടെ തുടർച്ചയായാണ് അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയും ഇപ്പോൾ നിയമനടപടികളിൽ നിന്ന് പിന്മാറുന്നത്. ലൈംഗികാതിക്രമക്കേസുകളിൽ വിചാരണ കാത്തുനിൽക്കെ 2019 ഓഗസ്റ്റിലാണ് ജെഫ്രി എപ്‌സ്റ്റീൻ മാൻഹട്ടൻ ജയിലിൽ ആത്മഹത്യ ചെയ്തത്. കോടതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!