Monday, March 16, 2026

പൊലീസിനൊപ്പം ഒരിത്തിരി നേരം; PEI യിൽ വൈറലായി ‘കോഫി വിത്ത് എ കോപ്പ്’

ഷാർലെറ്റ് ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ‘കോഫി വിത്ത് എ കോപ്പ്’ (Coffee with a Cop) എന്ന വേറിട്ട പദ്ധതിക്ക് തുടക്കമിട്ട് കെൻസിങ്ടൺ പൊലീസ് സർവീസ്. പൊലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും സുതാര്യമായ ആശയവിനിമയം ഉറപ്പാക്കുന്നതിനുമായാണ് ഈ പരിപാടി സം​ഘടിപ്പിക്കുന്നത്. പ്രാദേശിക കഫേകളിൽ മാസത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലൂടെ, ഉദ്യോഗസ്ഥരുമായി അനൗപചാരികമായ അന്തരീക്ഷത്തിൽ നേരിട്ട് സംവദിക്കാൻ പ്രദേശവാസികൾക്ക് അവസരം ലഭിക്കും. കഴിഞ്ഞ ദിവസം നഗരത്തിലെ റൂബീസ് കൗണ്ടറിൽ നടന്ന സംഗമത്തിൽ പൊലീസ് ചീഫ് ലാൻഡൻ യൂയിൽ, കോർപ്പറൽ ജോർദാൻ ഫുൾഫോർഡ് എന്നിവർ ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു.

തങ്ങളിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്നും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും നേരിട്ടറിയുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ചീഫ് ലാൻഡൻ യൂയിൽ പറഞ്ഞു. ലഹരി മരുന്നിന്റെ ഉപയോഗം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ മുതൽ സേനയിലെ തെറാപ്പി നായ്ക്കളുടെ പ്രവർത്തനം വരെ നീളുന്ന വൈവിധ്യമാർന്ന സംശയങ്ങളാണ് ജനങ്ങൾ ഉദ്യോഗസ്ഥരോട് പങ്കുവെച്ചത്. പൊലീസിനെ ഒരു ഭയമായി കാണാതെ, സമൂഹത്തിന്റെ ഭാഗമായ സഹോദരങ്ങളെപ്പോലെ കരുതാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കെൻസിങ്ടൺ പൊലീസ് സേനയെ പിരിച്ചുവിട്ട് ആർസിഎംപി (RCMP) വരുന്നു എന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കിടെയാണ് ഈ പരിപാടി നടന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ നിലവിലെ പ്രാദേശിക പൊലീസ് സംവിധാനത്തെ മാറ്റാൻ ഉദ്ദേശമില്ലെന്നും സേനയ്ക്ക് നഗരസഭയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും മേയർ ജെഫ് സ്പെൻസർ വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന് പുറമെ സൈക്കിൾ റോഡിയോ, ഫിഷിങ് ഡെർബി, ക്രിസ്മസ് ഫുഡ് ഡ്രൈവ് തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ കെൻസിങ്ടൺ പൊലീസ് നഗരത്തിന്റെ സുരക്ഷാ നെടുംതൂണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ അടുത്ത സെഷൻ ഏപ്രിലിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!