തിരുവനന്തപുരം: ട്വന്റി ട്വന്റി ലോകകപ്പിൽ സഞ്ജു സാംസൺ കളിച്ച ഓരോ ഷോട്ടും ലാൻഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജയത്തിന്റെ അമരക്കാരൻ സഞ്ജു ആയതിൽ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എണ്ണം പറഞ്ഞ 3 ഇന്നിങ്സുകളിലൂടെ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാൻഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരൻ സഞ്ജു ആയിരുന്നു, അതിൽ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ നീലയിലേക്ക് എത്തിച്ചത്. മകന്റെ കായിക മികവ് മുന്നിൽക്കണ്ട് ജീവിതം ഉഴിഞ്ഞു വച്ച ഒരു കുടുംബത്തിന്റെ വിജയം കൂടിയാണിത്. കേരളത്തിലെ ക്രിക്കറ്റിൽ ഉണ്ടായ മുന്നേറ്റത്തിന്റെ തിളക്കമാറുന്ന അടയാളമാണ് സഞ്ജു. പുരോഗമന മാറ്റത്തിന്റെ ചിത്രമാണിത്. കേരള ക്രിക്കറ്റ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി കണ്ട സ്വപ്നം നടന്നതിലുള്ള സന്തോഷമെന്ന് സംഞ്ജു സാംസൺ പറഞ്ഞു. നിങ്ങൾ എല്ലാവരും സന്തോഷത്തിൽ എന്റെ കൂടെ ഉണ്ട് എന്നുള്ളതാണ് സന്തോഷം. ഞാൻ നേടിയ ഏറ്റവും വലിയ അച്ചീവ്മെന്റ് എന്റെ നാട്ടുകാരുടെ പ്രാർത്ഥനയാണ്. ഒരു പ്രാവശ്യം എങ്കിലും എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. ദൈവത്തിന് നന്ദി. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യം കെസിഎയിൽ എത്തുന്നത്. ഇനിയും കെസിഎക്ക് ഇന്റർനാഷണൽ ക്രിക്കറ്റേഴ്സിനെ വളർത്തിയെടുക്കാൻ സാധിക്കട്ടെ. നാളെ എന്തെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ഏറ്റവും വലിയ ആഗ്രഹം ആയിരിക്കണം. കേരളത്തിൽ നിന്നാണ്, തിരുവനന്തപുരത്ത് നിന്നാണ് നമുക്ക് എന്തെങ്കിലും പറ്റുമോ എന്ന് രീതിയിൽ ഒരിക്കലും ചിന്തിക്കരുത്. കുറേ പേര് നമ്മളെ എതിർക്കും, പറ്റില്ല എന്നൊക്കെ പറയും. പക്ഷെ ലക്ഷ്യമെന്ന വലിയ ശക്തി ആണ് നമ്മളെ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും സഞ്ജു പറഞ്ഞു.
