Monday, March 16, 2026

കാനഡയിൽ പിരിച്ചുവിടൽ ഭീഷണിയിൽ 26,000 ജീവനക്കാർ; വൻ പ്രതിഷേധവുമായി PSAC

ഓട്ടവ: ഫെഡറൽ സർക്കാർ നടപ്പിലാക്കുന്ന വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലിനും, ഓഫീസിലേക്ക് നിർബന്ധമായും തിരിച്ചെത്തണമെന്ന പുതിയ ഉത്തരവിനുമെതിരെ പ്രതിഷേധം ശക്തമാക്കി ജീവനക്കാരുടെ സംഘടനകൾ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ യൂണിയനായ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC), വരാനിരിക്കുന്ന പിരിച്ചുവിടലുകളെക്കുറിച്ച് ചർച്ച ചെയ്യാൻ മാർച്ച് 23 മുതൽ 25 വരെ വെർച്വൽ ടൗൺഹാൾ മീറ്റിംഗുകൾ വിളിച്ചുചേർത്തു. 2028-ഓടെ 28,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി ഇതിനകം 26,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

ശരിയായ പഠനമോ കൂടിയാലോചനകളോ ഇല്ലാതെ നടത്തുന്ന ഈ വെട്ടിക്കുറയ്ക്കൽ രാജ്യത്തെ സുപ്രധാന സേവനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് PSAC പ്രസിഡന്റ് ഷാരോൺ ഡിസൂസ പറഞ്ഞു. 2025 മുതൽ 2029 വരെയുള്ള കാലയളവിൽ 5670 കോടി ഡോളറിന്റെ കുറവാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സേവന വിതരണത്തിലെ വേഗത കുറയ്ക്കുമെന്നും പൗരന്മാരുടെ ക്ഷേമത്തെ ബാധിക്കുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. വെട്ടിക്കുറയ്ക്കാൻ ഉദ്ദേശിക്കുന്ന തസ്തികകളിൽ പതിമൂവായിരത്തിലധികം പേർ PSAC അംഗങ്ങളാണ്.

തൊഴിൽ നഷ്ടത്തിന് പുറമെ, വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിൽ നേരിട്ടെത്താനുള്ള ട്രഷറി ബോർഡ് ഓഫ് കാനഡയുടെ പുതിയ നിർദ്ദേശവും വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മെയ് നാല് മുതൽ ഉന്നത ഉദ്യോഗസ്ഥർ അഞ്ച് ദിവസവും, ജൂലൈ മുതൽ മറ്റ് ജീവനക്കാർ ആഴ്ചയിൽ നാല് ദിവസവും ഓഫീസുകളിൽ ഹാജരാകണമെന്നാണ് ഉത്തരവ്. പുതിയ കരാർ ചർച്ചകൾ പുരോഗമിക്കവെ ഇത്തരം നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് യൂണിയനുകൾ ഫെഡറൽ ലേബർ റിലേഷൻസ് ബോർഡിന് പരാതി നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!