Monday, March 16, 2026

ചികിത്സയിൽ ഗുരുതര വീഴ്ചയെന്ന് പരാതി; വിനിപെഗിൽ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വിനിപെ​ഗ്: ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 11 മാസം പ്രായമുള്ള ബോബി ഇഖാലുഖ് എന്ന കുഞ്ഞ് മരിച്ച സംഭവത്തിൽ ഗുരുതരമായ ചികിത്സാ പിഴവ് ആരോപിച്ച് മുൻ നേഴ്സ് ഡാന റൈസ് രംഗത്ത്. കുട്ടിക്ക് മാരകമായി രക്തത്തിൽ അണുബാധ (Sepsis) ഉണ്ടെന്ന് ഡോക്ടർമാരോട് ആവർത്തിച്ച് പറഞ്ഞിട്ടും ആരും അത് ചെവിക്കൊണ്ടില്ലെന്ന് ഡാന ആരോപിക്കുന്നു. കുട്ടിക്ക് കടുത്ത പനിയും മറ്റ് അസ്വാഭാവിക ലക്ഷണങ്ങളും ഉണ്ടായിരുന്നിട്ടും അതൊരു സാധാരണ ചർമ്മരോഗം മാത്രമാണെന്ന് വിധിയെഴുതി അധികൃതർ ഡിസ്ചാർജ് നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

ഡിസ്ചാർജ് ചെയ്യുന്നതിനിടയിൽ കുട്ടിയുടെ പൾസ് നിരക്ക് കുത്തനെ താഴുകയും നില വഷളാവുകയും ചെയ്തു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടർമാരെ വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് സിപിആർ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്. രോഗനിർണ്ണയത്തിൽ വന്ന പിഴവാണ് മരണത്തിന് വഴിവെച്ചതെന്ന് നഴ്സ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടത്താതിരുന്നതിനെക്കുറിച്ചും ഡാന ചോദ്യം ഉയർത്തി.

അതേസമയം, കുട്ടിക്ക് നൽകിയ ചികിത്സയിൽ പിഴവില്ലെന്നാണ് ഷെയർഡ് ഹെൽത്തിന്റെയും മാനിറ്റോബ ആരോഗ്യവകുപ്പിന്റെയും നിലപാട്. സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുട്ടിക്ക് ലഭ്യമായ സാഹചര്യത്തിൽ ശരിയായ ചികിത്സയാണ് നൽകിയതെന്ന് വിദഗ്ധ സമിതി വിലയിരുത്തിയതായി ആരോഗ്യമന്ത്രി ഉസോമ അസഗ്വാര വ്യക്തമാക്കി. എന്നാൽ നീതിക്കായി നിയമപോരാട്ടം തുടരുമെന്നും ആശുപത്രി അധികൃതർ മറുപടി നൽകണമെന്നുമാണ് ഡാനയുടെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!