ഓട്ടവ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള വിപണിയെ സാരമായി ബാധിക്കുന്നതിന് തൊട്ടുമുമ്പ് കാനഡയിലെ പണപ്പെരുപ്പ നിരക്കിൽ ആശ്വാസകരമായ കുറവ്. ഫെബ്രുവരിയിലെ പണപ്പെരുപ്പം 1.8 ശതമാനമായി കുറഞ്ഞെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ജനുവരിയിൽ ഇത് 2.3 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം അവസാനം സർക്കാർ പ്രഖ്യാപിച്ച ‘ടാക്സ് ഹോളിഡേ’ (നികുതി ഇളവ്) ഫെബ്രുവരി പകുതിയോടെ അവസാനിച്ചതാണ് പണപ്പെരുപ്പ നിരക്ക് കുറയുന്നതിനുള്ള പ്രധാന കാരണം. ഹാട്ടൽ ഭക്ഷണത്തിനും നിത്യോപയോഗ സാധനങ്ങൾക്കും ഈ ഇളവ് ബാധകമായിരുന്നു. ജനുവരിയിൽ 7.3 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയിൽ 5.4 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും, മാർച്ചിൽ ഇത് 3 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം പെട്രോൾ വില ക്രമാതീതമായി വർധിക്കുന്നത് ഇതിന് കാരണമാകും. ഫെബ്രുവരിയിൽ കാനഡയിൽ 84,000 പേർക്ക് ജോലി നഷ്ടമായതിന് പിന്നാലെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നു.

ബുധനാഴ്ച നടക്കാനിരിക്കുന്ന ബാങ്ക് ഓഫ് കാനഡയുടെ യോഗത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് 93% സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. നിലവിൽ 2.25 ശതമാനമാണ് കാനഡയിലെ പലിശനിരക്ക്. യുദ്ധത്തിന് തൊട്ടുമുമ്പ് പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ സുരക്ഷിതമായ അവസ്ഥയിലായിരുന്നെങ്കിലും പുതിയ എണ്ണവില വർധന വരും മാസങ്ങളിൽ കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്ന് ബി.എം.ഒ സീനിയർ ഇക്കണോമിസ്റ്റ് റോബർട്ട് കാവ്സിക് പറഞ്ഞു. യുദ്ധം ദീർഘകാലം നീണ്ടുനിന്നാൽ ചരക്കുനീക്കത്തിനുള്ള ചെലവ് വർധിക്കുകയും അത് വീണ്ടും ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാവുകയും ചെയ്യുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ചില പലചരക്ക് സാധനങ്ങളെയും താൽക്കാലിക നികുതി ഇളവിൽ ഉൾപ്പെടുത്തി. പലചരക്ക് കടകളിൽ വളരെക്കാലമായി പ്രശ്നമായി അനുഭവപ്പെട്ടിരുന്ന ഫ്രഷ്, ഫ്രോസൺ ബീഫിന്റെ വാർഷിക വില വർധന കഴിഞ്ഞ മാസം 13.9 ശതമാനമായി കുറഞ്ഞു. ജനുവരിയെ അപേക്ഷിച്ച് ഏകദേശം അഞ്ച് ശതമാനം പോയിന്റ് കുറവാണിത്.
