ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം പൂർത്തിയായതിന് ശേഷമാണ് ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രയേൽ അനുമതി നൽകിയതെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ. ഫെബ്രുവരി 25-26 തീയതികളിൽ നടന്ന പ്രധാനമന്ത്രിയുടെ സന്ദർശനവും ആക്രമണത്തിന്റെ സമയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ റൂവൻ അസർ തള്ളി. മോദി സന്ദർശനം നടത്തുമ്പോൾ തന്നെ മേഖലയിൽ അസ്ഥിരത നിലനിന്നിരുന്നുവെന്നും, എന്നാൽ അദ്ദേഹം മടങ്ങിയതിന് ശേഷമാണ് ആക്രമണത്തിനുള്ള സൈനിക സാഹചര്യം ഒത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28-ന് പുലർച്ചെ അമേരിക്കയുമായി സഹകരിച്ച് ഇസ്രയേൽ നടത്തിയ വൻതോതിലുള്ള സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെടുകയും സൈനിക കേന്ദ്രങ്ങൾ തകരുകയും ചെയ്തിരുന്നു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ഈ നീക്കം. ഒൻപത് വർഷത്തിനിടയിലെ മോദിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമായിരുന്നു ഇത്. ബെഞ്ചമിൻ നെതന്യാഹുവുമായി നിരവധി ചർച്ചകൾ നടത്തിയ ശേഷം ഫെബ്രുവരി 26-നാണ് മോദി ഡൽഹിയിലേക്ക് മടങ്ങിയത്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം “ലജ്ജാകരവും” തെറ്റായ സമയത്തുള്ളതുമാണെന്ന് കോൺഗ്രസ് വിമർശിച്ചു. മേഖലയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മോദി സന്ദർശനം നടത്തിയത് ഇസ്രയേലിന്റെ സൈനിക നടപടികൾക്ക് നൽകിയ രാഷ്ട്രീയ പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്ന് കോൺഗ്രസ് വിദേശകാര്യ വിഭാഗം അധ്യക്ഷൻ സൽമാൻ ഖുർഷിദും ജയറാം രമേശും കുറ്റപ്പെടുത്തി. എന്നാൽ, ആക്രമണത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ഇസ്രയേൽ കാബിനറ്റ് ഇതിന് അംഗീകാരം നൽകിയതെന്നും സന്ദർശനവുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്നും അംബാസഡർ ആവർത്തിച്ചു.
