ടെഹ്റാൻ: മെഹ്റാബാദ് വിമാനത്താവളത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിർണ്ണായക ആസ്തികൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി ഉപയോഗിച്ചിരുന്ന വിമാനം ആക്രമണത്തിൽ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുടെയും സൈനിക മേധാവികളുടെയും യാത്രകൾക്കും സഖ്യരാജ്യങ്ങളുമായുള്ള ഏകോപനത്തിനുമായി ഉപയോഗിച്ചിരുന്ന വിമാനമാണ് ലക്ഷ്യം വെച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിലെ ഏറ്റവും പഴക്കമേറിയ വിമാനത്താവളമായ മെഹ്റാബാദ് സിവിലിയൻ സർവീസുകൾക്കൊപ്പം തന്നെ വ്യോമസേനയുടെ പ്രധാന താവളമായും പ്രവർത്തിക്കുന്ന ഇടമാണ്. തിരക്കേറിയ ആഭ്യന്തര വിമാന സർവീസുകൾ നടക്കുന്ന ഇവിടത്തെ സൈനിക വിഭാഗത്തെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ഈ നിർണ്ണായക നീക്കം. ഇറാനിലെ മുതിർന്ന നേതൃത്വത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന സൂചന.

അരാക്കിലെ ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ കോംപ്ലക്സിന് നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ സർക്കാർ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി പാർപ്പിട കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരേസമയം സൈനിക താവളങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങൾ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
