ഓട്ടവ: കാനഡയിലെ വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് പഞ്ചാബി യുവാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആൽബർട്ട, സസ്കാച്വാൻ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ദാരുണമായ സംഭവങ്ങൾ നടന്നത്. മാർച്ച് 14-ന് ആൽബർട്ടയിലെ ലെഡൂക്കിന് സമീപം നടന്ന വെടിവെപ്പിലാണ് ബിരീന്ദർ സിങ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഹൈവേ 2-ൽ നടന്ന ഈ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
സസ്കാച്വാനിലെ നോർത്ത് ബാറ്റിൽഫോർഡിൽ ടാക്സി ഡ്രൈവറായ ദേവീന്ദർ സിങ് (30) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ. ഹോട്ടലിന് പുറത്ത് യാത്രക്കാരെ കാത്തുനിൽക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ ഇദ്ദേഹം അപ്രതീക്ഷിതമായി കൊല്ലപ്പെടുകയായിരുന്നു. ബ്രിട്ടിഷ് കൊളംബിയയിലെ ഫോർട്ട് സെന്റ് ജോണിൽ സുഹൃത്തുക്കളുമായുണ്ടായ സംഘർഷത്തിലാണ് വിദ്യാർഥിയായ ഗുർകിരാത് സിങ് മനോച്ച (25) കൊല്ലപ്പെട്ടത്. നോർത്തേൺ ലൈറ്റ്സ് കോളേജിലെ വിദ്യാർഥിയായിരുന്നു ഇദ്ദേഹം.

തുടർച്ചയായുണ്ടാകുന്ന ഈ അക്രമങ്ങൾ കാനഡയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെയും പ്രവാസി സമൂഹത്തിന്റെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. സംഭവങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങളെ പ്രവാസി സംഘടന അനുശോചനം അറിയിച്ചു.
