ഓട്ടവ : ദേശീയ തലസ്ഥാന മേഖലയിൽ ശക്തമായ കാറ്റും അതിശൈത്യ കാലാവസ്ഥയും പിടിമുറുക്കിയതോടെ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അൽഗോൻക്വിൻ കോളേജിൽ ക്ലാസുകൾ റദ്ദാക്കിയിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും ഒപ്പം മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകിച്ച് ഒൻ്റാരിയോ തടാകത്തിനും സെൻ്റ് ലോറൻസ് നദിക്കും സമീപം അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് കാറ്റിന്റെ വേഗം മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 50 കിലോമീറ്ററായി കുറയും. രാത്രിയിൽ മണിക്കൂറിൽ 15 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശുമെന്നും പ്രവചനമുണ്ട്.

ഓട്ടവ, പെംബ്രോക്ക്, പെർത്ത് കാമ്പസുകളിലെ എല്ലാ ക്ലാസുകളും വൈദ്യുതി, ഇന്റർനെറ്റ് തടസ്സങ്ങൾ കാരണം ചൊവ്വാഴ്ച റദ്ദാക്കിയതായി അൽഗോൻക്വിൻ കോളേജ് പ്രസിഡൻ്റ് ക്ലോഡ് ബ്രൂലെ അറിയിച്ചു. ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കിഴക്കൻ ഒൻ്റാരിയോയിലുടനീളം ഏകദേശം 27,000 ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നുണ്ടെന്ന് ഹൈഡ്രോ വൺ റിപ്പോർട്ട് ചെയ്തു. കിങ്സ്റ്റൺ മുതൽ കോൺവാൾ, ഹോക്സ്ബറി വരെയും ഓട്ടവ വാലി വരെയും തടസ്സങ്ങൾ വ്യാപിച്ചിരിക്കുന്നു. കാസൽമാൻ, റസ്സൽ, മേയർവിൽ, മെറ്റ്കാഫ് പ്രദേശങ്ങളിൽ 2,800 ഉപയോക്താക്കളും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്.
