ഓട്ടവ : രാജ്യതലസ്ഥാനത്തെ സെന്‍റർടൗൺ മേഖലയിലുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ശനിയാഴ്ച രാത്രി സോമർസെറ്റ് സ്ട്രീറ്റ് വെസ്റ്റിലെ അപ്പാർട്ട്മെൻ്റിലെ 19-ാം നിലയിലുള്ള യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ ഒരാൾ ഗുരുതരാവസ്ഥയിലായിരുന്നു. പരുക്കേറ്റ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നാമത്തെയാൾ തിങ്കളാഴ്ച രാത്രി മരിച്ചതായി ഓട്ടവ പൊലീസ് സർവീസ് അറിയിച്ചു.

തീപിടുത്ത സമയത്ത് അപ്പാർട്ട്മെൻ്റിനുള്ളിൽ മൂന്ന് പേരെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ഓട്ടവ ഫയർ സർവീസസ് അറിയിച്ചു. നാലാമത്തെ താമസക്കാരൻ അപ്പാർട്ട്മെൻ്റിന്‍റെ ബാൽക്കണിയിലായിരുന്നു, അദ്ദേഹത്തെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി രക്ഷപ്പെടുത്തി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
