Wednesday, March 18, 2026

‘എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട, എന്നെ കാണുന്നത് സുധാകരന് ചതുർത്ഥി’; പോര് പരസ്യമാക്കി രാജ്മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങളെ ഒരു കാരണവശാലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. എംപിമാരുടെ പ്രാഥമിക ചുമതല സ്വന്തം മണ്ഡലത്തിലെ അസംബ്ലി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണെന്നും ഒരാള്‍ക്ക് അവസരം നല്‍കിയാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും, ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടെ എംപിമാരുടെ മോഹങ്ങള്‍ക്ക് അറുതിയാകുമെന്നും ഉണ്ണിത്താന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായുള്ള ഭിന്നതയും ഉണ്ണിത്താന്‍ പരസ്യമാക്കി. സുധാകരന്‍ തന്റെ അതേ ഫ്‌ളാറ്റിലാണ് താമസിക്കുന്നതെങ്കിലും അദ്ദേഹത്തെ പോയി കാണാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി. എംപിമാര്‍ മത്സരിക്കരുതെന്ന് നിലപാടെടുത്ത തന്നെ കാണുന്നത് സുധാകരന് ‘ചതുര്‍ത്ഥി’ക്ക് തുല്യമാണെന്നും, സുധാകരനെപ്പോലെ വലിയ ഒരാളെ സാന്ത്വനിപ്പിക്കാന്‍ പോകേണ്ട സാഹചര്യം തനിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപെടലോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ താന്‍ ഇടപെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച ഉണ്ണിത്താന്‍, പക്ഷേ പാര്‍ട്ടി വിരുദ്ധര്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പ് നല്‍കി. തന്നെ അപമാനിക്കാനും അവഹേളിക്കാനും ശ്രമിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നത് ‘വിനാശകാലേ വിപരീത ബുദ്ധി’ ആയിരിക്കുമെന്നും അത് മുന്നണിയുടെ വിജയത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരം യുഡിഎഫിനെ ഏല്‍പ്പിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും പാര്‍ട്ടിയില്‍ നിലവില്‍ പ്രതിസന്ധികളില്ലെന്നും ഉണ്ണിത്താന്‍ അവകാശപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!