Wednesday, March 18, 2026

വിമാനസീറ്റുകളിൽ 60 ശതമാനം സൗജന്യം; ‘സീറ്റ് മാഫിയ’യ്ക്ക് കേന്ദ്രത്തിന്റെ പൂട്ട്

ന്യൂഡൽഹി: വിമാനയാത്രക്കാർ സീറ്റ് തിരഞ്ഞെടുക്കുമ്പോൾ നൽകേണ്ടി വരുന്ന അധിക ബാധ്യതയ്ക്ക് അറുതി വരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർണ്ണായക ഇടപെടൽ. വിമാനത്തിലെ ആകെ സീറ്റുകളിൽ കുറഞ്ഞത് 60 ശതമാനമെങ്കിലും യാത്രക്കാർക്ക് യാതൊരുവിധ അധിക നിരക്കും ഈടാക്കാതെ സൗജന്യമായി ലഭ്യമാക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദേശത്തിൽ വ്യക്തമാക്കി.

60% സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ അധിക തുക ഈടാക്കാൻ പാടില്ല. ബാക്കി സീറ്റുകൾക്ക് മാത്രമേ പ്രീമിയം നിരക്ക് ഈടാക്കാവൂ. ഒരേ പിഎൻആറിൽ യാത്ര ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ തന്നെ അനുവദിക്കണം. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ പ്രാദേശിക ഭാഷകളിൽ വെബ്‌സൈറ്റുകളിലും വിമാനത്താവളങ്ങളിലും പ്രദർശിപ്പിക്കണം. വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനും കായിക ഉപകരണങ്ങൾക്കും സുതാര്യമായ നിയമങ്ങൾ കമ്പനികൾ രൂപീകരിക്കണം. എന്നില പുതിയ മാർ​ഗ നിർദേശത്തിൽ പറുന്നു.

നിലവിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഏവിയേഷൻ മാർക്കറ്റാണ്. പ്രതിദിനം 5 ലക്ഷത്തിലധികം യാത്രക്കാരാണ് ആഭ്യന്തര സർവീസുകളെ ആശ്രയിക്കുന്നത്. വിമാനക്കമ്പനികൾ പലപ്പോഴും ‘വെബ് ചെക്ക്-ഇൻ’ നിർബന്ധമാക്കുകയും എല്ലാ സീറ്റുകൾക്കും നിരക്ക് ഈടാക്കുകയും ചെയ്യുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.

ഈ നീക്കം വിമാനക്കമ്പനികളുടെ ‘അൺബണ്ടിൽഡ് സർവീസ്’ എന്ന തന്ത്രത്തിന് തിരിച്ചടിയാകും. കുറഞ്ഞ ടിക്കറ്റ് നിരക്ക് കാണിച്ച് യാത്രക്കാരെ ആകർഷിക്കുകയും പിന്നീട് സീറ്റ് സെലക്ഷൻ, ലഗേജ് തുടങ്ങിയവയിലൂടെ അധിക പണം ഈടാക്കുകയും ചെയ്യുന്ന രീതിക്ക് ഇതോടെ നിയന്ത്രണമാകും. യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ സൗജന്യ വൈഫൈ, കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേകൾ, വായനക്കാർക്കായി ഫ്ലൈബ്രറി എന്നീ സൗകര്യങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!