Thursday, March 19, 2026

കാനഡയിൽ വ്യാജ ലേബൽ വിൽപ്പന: ലോബ്ലോസ് കമ്പനിക്ക് പിഴ; സോബീസ് അന്വേഷണപരിധിയിൽ

ഓട്ടവ: വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കൾ കാനഡയിൽ ഉത്‌പാദിപ്പിച്ചതാണെന്ന വ്യാജേന വിപണനം ചെയ്ത പ്രമുഖ ഗ്രോസറി ശൃംഖലകൾക്കെതിരെ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) കർശന നടപടി തുടങ്ങി. കാനഡയിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ ലോബ്ലോസിന്റെ കീഴിലുള്ള സ്റ്റോറുകൾക്ക് പിഴ ചുമത്തുകയും സോബീസ് എന്ന കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ഒന്റാരിയോയിലെ ‘റിയൽ കനേഡിയൻ സൂപ്പർസ്റ്റോർ’, എറ്റോബിക്കോക്കിലെ ‘ഫോർട്ടിനോസ്’എന്നീ സ്ഥാപനങ്ങൾക്കാണ്‌ 10,000 ഡോളർ വീതം പിഴ ചുമത്തിയത്‌. 2025 ഒക്ടോബറിൽ നടന്ന നിയമലംഘനങ്ങൾക്കാണ് ഈ നടപടി. സോബീസ് കമ്പനിയുടെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ച് ലേബലിംഗിലും പരസ്യങ്ങളിലും നടത്തുന്ന ക്രമക്കേടുകളെക്കുറിച്ചാണ്‌ അന്വേഷണം തുടങ്ങിയത്‌. ഓക്സ്ഫോർഡ് ഫ്രോസൺ ഫുഡ്സ് (ബ്ലൂബെറി ലേബലിംഗ്), ഫ്രഷ് ഇൻ ദി സിറ്റി (ബനാന ബ്രെഡ്), മീറ്റക്സ് ഫാംസ് (ഇറക്കുമതി ചെയ്ത നെയ്യ്) എന്നീ കമ്പനികൾക്കും 7,000 മുതൽ 10,000 ഡോളർ വരെ പിഴ ചുമത്തി. ‘സേഫ് ഫുഡ് ഫോർ കനേഡിയൻസ് ആക്ട്’ പ്രകാരം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ലേബലുകൾ പതിക്കുന്നത് കുറ്റകരമാണ്. കാനഡയിൽ ഉത്‌പാദിപ്പിച്ചു എന്ന് അവകാശപ്പെടാൻ ഉത്‌പന്നത്തിന്റെ ഭൂരിഭാഗം ഘടകങ്ങളും പ്രക്രിയകളും കാനഡയിൽ തന്നെ നടന്നതാകണം.

എന്നാൽ ഇറക്കുമതി ചെയ്ത സാധനങ്ങളിൽ മേപ്പിൾ ലീഫ് ചിഹ്‌നമോ, ‘Product of Canada’ എന്ന ബോർഡുകളോ വെച്ച് വിൽക്കുന്നതിനെതിരെയാണ് ഈ നടപടി.
2025-ൽ കാനഡയിലുടനീളം ശക്തമായ ‘ബൈ കനേഡിയൻ’ മൂവ്‌മെന്റിന്റെ പശ്ചാത്തലത്തിലാണ് ഈ പരിശോധനകൾ കർശനമാക്കിയത്. സ്വന്തം നാട്ടിലെ കർഷകരെയും ഉൽപ്പന്നങ്ങളെയും പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന കനേഡിയൻ ഉപഭോക്താക്കൾ, കടകളിലെ ഇത്തരം ചതിക്കുഴികൾക്കെതിരെ രംഗത്തുവരികയായിരുന്നു. ഭക്ഷ്യസുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!