ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരനില്ലെന്ന് പുതിയ റിപ്പോർട്ട്. കണ്ണൂരിൽ ടി. ഒ. മോഹനനെ സ്ഥാനാർത്ഥിയാക്കാനാണ് നിലവിലെ തീരുമാനം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന പാർട്ടി നയം കർശനമായി നടപ്പിലാക്കാൻ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സിഇസി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. നേരത്തെ സുധാകരന് നൽകിയ വാഗ്ദാനത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്മാറിയത് കൂടുതൽ എംപിമാർ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ്.

സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ് കെ. സുധാകരൻ. പാർട്ടിയുടെ അനുനയ ശ്രമങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാനാണ് നീക്കം നടത്തുന്നതെന്ന് സൂചനകളുണ്ട്. തന്നെ ചതിച്ചുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരന്റെ ഈ നീക്കം തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് വലിയ തലവേദനയാകും സൃഷ്ടിക്കുക.
