ഓട്ടവ : കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയേകി അഞ്ച് മാസത്തിന് ശേഷം ഇമിഗ്രേഷൻ ബാക്ക്ലോഗ് 990,300 ആയി കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. 2025 ഒക്ടോബറിനുശേഷം ആദ്യമായാണ് പത്ത് ലക്ഷത്തിൽ താഴെയായി ഇമിഗ്രേഷൻ ബാക്ക്ലോഗ് കുറയുന്നത്. അതേസമയം സ്റ്റഡി പെർമിറ്റ് ബാക്ക്ലോഗിൽ 14% വർധന ഉണ്ടായപ്പോൾ വർക്ക് പെർമിറ്റ് ബാക്ക്ലോഗ് എട്ടു ശതമാനം കുറഞ്ഞു. ഒപ്പം എൻഹാൻസ്ഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ബാക്ക്ലോഗിൽ 6% കുറവും രേഖപ്പെടുത്തിയതായി ഐആർസിസി അറിയിച്ചു. ജനുവരി അവസാനത്തോടെ, IRCC യുടെ ആകെ അപേക്ഷകളുടെ എണ്ണം 2,092,000 ആയി, ഒരു മാസത്തിനുള്ളിൽ 35,500 അപേക്ഷകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ, സേവന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വകുപ്പ് 1,101,700 അപേക്ഷകൾ വിജയകരമായി പ്രോസസ്സ് ചെയ്തു.

പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
സ്ഥിര താമസ അപേക്ഷകൾ
ജനുവരി 31 വരെ, IRCC യുടെ ഇൻവെന്ററിയിൽ ആകെ 995,500 സ്ഥിര താമസ (PR) അപേക്ഷകൾ ഉണ്ടായിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 21,700 വർധന. ഇതിൽ, ഇമിഗ്രേഷൻ വകുപ്പ് സേവന മാനദണ്ഡങ്ങൾക്കുള്ളിൽ 460,200 (46%) പ്രോസസ്സ് ചെയ്തു. ഇതോടെ 535,300 അപേക്ഷകൾ ബാക്ക്ലോഗിലാണ്.
താൽക്കാലിക താമസ അപേക്ഷകൾ
ഡിസംബർ അവസാനത്തെ അപേക്ഷിച്ച് 65,500 അപേക്ഷകളുടെ കുറവോടെ ജനുവരി അവസാനം വരെ ആകെ താൽക്കാലിക താമസ അപേക്ഷകളുടെ എണ്ണം 845,400 ആയി. ഈ അപേക്ഷകളിൽ 450,700 (53%) സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. തൽഫലമായി, 394,700 അപേക്ഷകൾ ബാക്ക്ലോഗ് ചെയ്തതായി കണക്കാക്കി.

പൗരത്വ ഗ്രാൻ്റുകൾ
ജനുവരി 31 വരെ, ആകെ 251,100 പൗരത്വ ഗ്രാൻ്റ് അപേക്ഷകൾ ഇൻവെന്ററിയിൽ ഉണ്ടായിരുന്നതായി ഐആർസിസി അറിയിച്ചു. 2025 ഡിസംബർ 31 നെ അപേക്ഷിച്ച് 8,300 അപേക്ഷകളുടെ കുറവാണിത്. ഈ അപേക്ഷകളിൽ 190,800 (76%) എണ്ണം സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. എന്നാൽ, 60,300 (24%) അപേക്ഷകൾ ഇപ്പോളും ബാക്ക്ലോഗിലാണ്.
