ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഉയർന്നു വന്ന അഭ്യൂഹങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിരാമമിട്ട് കെ. സുധാകരൻ. താൻ എന്നും പാർട്ടിക്ക് വിധേയനാണെന്നും പാർട്ടിയെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ടെന്നും എന്നാൽ അത് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും പുതിയ പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി നടത്തിയ ചർച്ചയിലാണ് സുധാകരൻ അനുനയത്തിന് തയ്യാറായത്. എംപിമാരിൽ ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർക്ക് അത് നൽകേണ്ടി വരുമെന്ന ഹൈക്കമാൻഡ് നിലപാട് ഖർഗെ അദ്ദേഹത്തെ ധരിപ്പിക്കുകയായിരുന്നു. ഇതോടെ സ്ഥാനാർത്ഥിത്വം നിഷേധിച്ചാലും പാർട്ടി വിട്ട് എങ്ങോട്ടുമില്ലെന്നും താൻ ചെറുതും പാർട്ടി വലുതുമാണെന്നുമുള്ള നിലപാടിലേക്ക് സുധാകരൻ എത്തിച്ചേർന്നു.
