ഓട്ടവ: കാനഡയിൽ ഇന്ത്യൻ സർക്കാരുമായി ബന്ധിപ്പിക്കാവുന്ന തരത്തിലുള്ള രഹസ്യ പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) കമ്മീഷണർ മൈക്ക് ഡുഹെം. വിദേശ ഇടപെടലുകളെക്കുറിച്ചും മറ്റ് രാജ്യങ്ങൾ കാനഡയിൽ നടത്തുന്ന ഭീഷണികളെക്കുറിച്ചുമുള്ള നിലവിലെ അന്വേഷണങ്ങളിൽ വിദേശ ഏജൻസികളുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ആളുകളെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതുമായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഏതെങ്കിലും വിദേശ രാജ്യവുമായി നിലവിൽ ബന്ധം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആർ.സി.എം.പി ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ ഹൈക്കമ്മീഷണർ അടക്കം ആറ് ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കുകയും പകരമായി ഇന്ത്യ കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാരിന് കീഴിൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. കഴിഞ്ഞ ജൂണിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാർണി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. വിദേശ ഇടപെടലുകൾ തുടരുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കില്ലായിരുന്നു എന്ന് സർക്കാർ ഉദ്യോഗസ്ഥരും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കാനഡയുടെ ഇന്റലിജൻസ് ഏജൻസിയായ സി.എസ്.ഐ.എസ് (CSIS) അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വിദേശ ഇടപെടലുകൾ നടത്തുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരുന്നു . ഈ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 2024-ലെ തന്റെ പ്രസ്താവനകൾ അന്നത്തെ അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയെന്നുമാണ് മൈക്ക് ഡുഹെം പ്രതികരിച്ചത്.
