ന്യൂയോർക്ക്: ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് (86) അന്തരിച്ചു. ദ് ഡെൽറ്റ ഫോഴ്സ്, മിസ്സിങ് ഇൻ ആക്ഷൻ എന്നീ സിനിമകൾ ശ്രദ്ധേയമാണ്. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച. ചക്ക് നോറിസ് വാക്കർ, ടെക്സാസ് റേഞ്ചർ എന്നീ ഹിറ്റ് പരമ്പരയിലൂടെയും ജനമനസുകളെ കീഴടക്കി. വ്യാഴാഴ്ച ഹവായിയിൽ വെച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബാംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വിയോഗവാർത്ത ലോകത്തെ അറിയിച്ചത്. ആയോധനകലയെ സിനിമയുമായി കോർത്തിണക്കി ഹോളിവുഡിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത നടനായിരുന്നു അദ്ദേഹം. 1972-ൽ പുറത്തിറങ്ങിയ ‘ദി വേ ഓഫ് ദി ഡ്രാഗൺ’ എന്ന ചിത്രത്തിൽ സാക്ഷാൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി വേഷമിട്ടുകൊണ്ടാണ് ചക്ക് നോറിസ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. റോമിലെ കൊളോസിയത്തിൽ വെച്ച് ബ്രൂസ് ലീയുമായി അദ്ദേഹം നടത്തുന്ന പോരാട്ടം ഇന്നും ആക്ഷൻ സിനിമകളിലെ എക്കാലത്തെയും മികച്ച രംഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ഒക്ലഹോമയിൽ ജനിച്ച നോറിസ്, 1950-കളിൽ യുഎസ് വ്യോമസേനയുടെ ഭാഗമായി കൊറിയയിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് ആയോധനകലയിൽ താല്പര്യം പ്രകടിപ്പിക്കുന്നത്. ‘ചുൻ കുക്ക് ഡോ’ എന്ന സ്വന്തം കരാട്ടെ ശൈലി തന്നെ അദ്ദേഹം രൂപീകരിച്ചു. ലോക കരാട്ടെ ചാമ്പ്യനായി വിരമിച്ച ശേഷമാണ് നടൻ സ്റ്റീവ് മക്വീന്റെ നിർദ്ദേശപ്രകാരം അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. ഇന്റർനെറ്റിലെ ‘അജയ്യനായ’ താരമായി അദ്ദേഹം യുവതലമുറയ്ക്ക് സുപരിചിതനായത് ‘ചക്ക് നോറിസ് ഫാക്ട്സ്’ എന്നറിയപ്പെടുന്ന മീമുകളിലൂടെയാണ്. ലോകത്തെ ഏറ്റവും കരുത്തനായ, തോൽപ്പിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന തമാശകൾ ഇന്റർനെറ്റിൽ വലിയ തരംഗമായിരുന്നു.
