വിനിപെഗ്: അടുത്താഴ്ച അവതരിപ്പിക്കുന്ന മാനിറ്റോബ ബജറ്റിൽ ശിശുസംരക്ഷണത്തിനായി കൂടുതൽ തുക വകയിരുത്തുമെന്ന് ധനമന്ത്രി അഡ്രിയാൻ സാല അറിയിച്ചു. പ്രൈമറി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ ജീവനക്കാരുടെ വേതനത്തിൽ 2.9 ശതമാനം വർധനവരുത്തുന്നതിനും പുതിയതായി രണ്ടായിരം ശിശുസംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും ബജറ്റിൽ തുക അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിനിപെഗിലെ ഒരു ചൈൽഡ് കെയർ സെന്ററിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

2027 ഒക്ടോബറിൽ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി ബജറ്റ് കമ്മി നികത്തി സന്തുലിതാവസ്ഥയിൽ എത്തിക്കുമെന്ന് സർക്കാർ ആവർത്തിച്ചു. നിലവിലെ സാമ്പത്തിക വർഷത്തിൽ ബജറ്റ് കമ്മി 160 കോടി ഡോളറായി ഉയർന്ന പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന സാമ്പത്തിക വർഷം വലിയ പുരോഗതി കൈവരിക്കുമെന്ന് സാല പറയുന്നു. പൊലീസ് സേന, കറക്ഷൻ ഓഫീസർമാർ എന്നിവരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും നഴ്‌സിങ് പരിശീലനത്തിനും സെന്റ് ബോണിഫേസ് ഹോസ്പിറ്റലിലെ ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി കൂടുതൽ തുക നീക്കിവെക്കുമെന്ന് എൻഡിപി സർക്കാർ സൂചന നൽകിയിട്ടുണ്ട്.
