സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ മറികടന്ന് സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലേക്ക് കുതിച്ചേക്കുമെന്ന് സൂചന. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 75 പോയിൻ്റ് ഉയർന്നത് ശുഭപ്രതീക്ഷയോടെയാണ് ഓഹരി വിപണി നോക്കിക്കാണുന്നത്. യുഎസ് ഓഹരി വിപണികൾ ഇന്നലെയും നഷ്ടത്തിലേക്ക് വീണെങ്കിലും ഫ്യൂച്ചേഴ്സ് നേട്ടം കൊയ്തു. എന്നാൽ ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.27%, നാസ്ഡാക് കോംപസിറ്റ് 0.28%, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.44% എന്നിങ്ങനെ താഴ്ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചേഴ്സ്, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.2% വീതം ഉയർന്നു. അതേസമയം രാജ്യാന്തര എണ്ണ ഉൽപാദന, വിതരണശൃംഖലയിലെ തടസ്സങ്ങളും ഉയർന്നതലത്തിലെത്തിയ ഊർജോൽപന്ന വിലകളും ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇറാനെതിരെയുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞ സാഹചര്യത്തിൽ ഓഹരി വിപണികൾക്ക് ആശ്വാസമായേക്കാം. രാജ്യാന്തര എണ്ണവില യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) ബാരലിന് 3.10% താഴ്ന്ന് 92.59 ഡോളറിലും ബ്രെന്റ് വില 3.15% കുറഞ്ഞ് 105.2 ഡോളറിലുമാണ് രാവിലെയുള്ളത്. ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി കനക്കുകയും യുഎസ് ഡോളർ ഇൻഡക്സ് ശക്തമാവുകയും ചെയ്തതോടെ സ്വർണവില ഔൺസിന് 202 ഡോളർ താഴ്ന്ന് 4,668 ഡോളറിലും നിൽക്കുന്നു. കേരളത്തിൽ ഇന്നും വില കുറഞ്ഞേക്കാം.
