Saturday, March 21, 2026

ഭീഷണികൾക്ക് മുന്നിൽ തോൽക്കില്ല; സഹായമെത്തിക്കാൻ 3000 സന്നദ്ധ പ്രവർത്തകർ ഗാസയിലേക്ക്

ഓട്ടവ: രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന ഗാസയിലെ നാവിക ഉപരോധം ലംഘിക്കാനും ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായമെത്തിക്കാനുമായി കാനഡയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ വീണ്ടും കടൽമാർഗ്ഗം യാത്ര പുറപ്പെടുന്നു. കഴിഞ്ഞ വർഷം ഇസ്രായേൽ തടവിലാക്കിയ ആറ് കനേഡിയൻ പൗരന്മാരുടെ ദുരനുഭവം ഉയർത്തുന്ന അപകടസാധ്യത അവഗണിച്ചാണ്‌ മനുഷ്യാവകാശപ്രവർത്തകരുടെ കൂട്ടായ്‌മ. ഗ്ലോബൽ സുമുദ് ഫ്ലോട്ടില എന്ന പേരിലാണ്‌ പുതിയ ദൗത്യം. ഏപ്രിൽ 12-ന് സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ നിന്ന് കപ്പലുകൾ പുറപ്പെടും. ലോകമെമ്പാടുമുള്ള 100-ലധികം ബോട്ടുകളിലായി ഏകദേശം 3,000 പേർ ഈ ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്. ഇതിൽ ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു.
മരുന്നുകൾ, ബേബി ഫോർമുല, മറ്റ് ജീവൻരക്ഷാ സാമഗ്രികൾ എന്നിവ ഗാസയിലേക്ക്‌ എത്തിക്കാനാണെങ്കിലും ഇതിനെല്ലാമപ്പുറത്ത്‌ ഗാസയിലേക്കുള്ള സമുദ്രപാത തുറന്നുകൊടുക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

ടൊറന്റോയിൽ നിന്നുള്ള ഡോ. സുസെയ്ൻ ഷൗഷ്, മൺട്രിയോളിൽ നിന്നുള്ള കവി ഇഹാദ് ലോട്ടായെഫ് തുടങ്ങിയ പ്രമുഖർ ഈ യാത്രയുടെ മുൻനിരയിലുണ്ട്. തങ്ങൾ രക്തസാക്ഷികളാകാൻ ശ്രമിക്കുകയല്ല, ഇസ്രയേൽ സൈന്യം തടഞ്ഞുവെച്ചേക്കാം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ യാത്ര,” എന്ന് ഇഹാദ് ലോട്ടായെഫ് പ്രതികരിച്ചു. 2025 ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം ഗാസയിലേക്ക് കരമാർഗ്ഗമുള്ള സഹായം ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. പ്രതിദിനം 600 ട്രക്കുകൾ എത്തുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ജനുവരിയിൽ ശരാശരി 225 ട്രക്കുകൾ മാത്രമാണ് എത്തിയത്. പട്ടിണിയും മരുന്നുകളുടെ അഭാവവും രൂക്ഷമായ സാഹചര്യത്തിലാണ് അന്താരാഷ്ട്ര സമൂഹം ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. ഇസ്രായേൽ പ്രതിരോധ സേന (IDF) കടലിൽ വെച്ച് കപ്പലുകൾ പിടിച്ചെടുക്കാനും പ്രവർത്തകരെ തടവിലാക്കാനും സാധ്യതയുണ്ടെന്നാണ്‌ ഇന്റലിജൻസ് റിപ്പോർട്ടുകൾ. എന്നാൽ അന്താരാഷ്ട്ര നിയമപ്രകാരം തങ്ങൾക്ക് സഞ്ചരിക്കാൻ അവകാശമുണ്ടെന്നാണ് സന്നദ്ധ പ്രവർത്തകരുടെ വാദം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!