Saturday, March 21, 2026

ഓട്ടവ ബാങ്ക് സ്ട്രീറ്റിൽ ‘ബസ് ഒൺലി’ പാതകൾ ; യാത്രാക്ലേശത്തിന് പരിഹാരം

ഓട്ടവ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ബാങ്ക് സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പ്രത്യേക ‘ബസ് ഒൺലി’ പാതകൾ നടപ്പിലാക്കാൻ ശുപാർശയുമായി ഓട്ടവ സിറ്റി അധികൃതർ. ലാൻസ്‌ഡൗണിൽ മത്സരങ്ങളോ മറ്റ് പരിപാടികളോ നടക്കുമ്പോൾ 1.6 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നിലവിൽ 18 മിനിറ്റോളം എടുക്കുന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വരിക. ബാങ്ക് സ്ട്രീറ്റിലെ ഹൈവേ 417 മുതൽ റൈഡോ കനാൽ വരെയുള്ള ഭാഗത്താണ് പ്രധാനമായും മാറ്റങ്ങൾ വരുന്നത്. റീജന്റ് സ്ട്രീറ്റ് മുതൽ ഫോർത്ത് അവന്യൂ വരെയുള്ള വടക്കൻ ഭാഗത്തും, ഫോർത്ത് അവന്യൂ മുതൽ തോൺടൺ അവന്യൂ വരെയുള്ള തെക്കൻ ഭാഗത്തും ഉൾപ്പെടെ തിരഞ്ഞെടുത്ത ഇടങ്ങളിൽ 24 മണിക്കൂറും ബസുകൾക്ക് മാത്രമായി പാതകൾ നീക്കിവെക്കും. തിരക്കുള്ള സമയങ്ങളിൽ (രാവിലെ 7 മുതൽ 10 വരെ വടക്കോട്ടും, ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 6 വരെ തെക്കോട്ടും) താത്‌ക്കാലിക ബസ് പാതകൾ ഏർപ്പെടുത്താനും ശുപാർശയുണ്ട്. ഇത് ഓരോ യാത്രയിലും കുറഞ്ഞത് 60 സെക്കൻഡ് ലാഭിക്കാൻ സഹായിക്കും.

പുതിയ പാതകൾ വരുന്നതോടെ ബാങ്ക് സ്ട്രീറ്റിലെ 17 ഓൺ-സ്ട്രീറ്റ് പാർക്കിംഗ് ഇടങ്ങൾ ഇല്ലാതാകും. പുതിയ നീക്കത്തെ സെന്റർ ടൗൺ കമ്മ്യൂണിറ്റി അസോസിയേഷൻ സ്വാഗതം ചെയ്തെങ്കിലും, നിർദ്ദേശത്തിൽ മികവില്ലെന്നാണ്‌ അവരുടെ അഭിപ്രായം. ഒ സി ട്രാൻസ്‌പോ (OC Transpo) വിശ്വാസ്യത സംബന്ധിച്ച വെല്ലുവിളികൾ നേരിടുന്ന ഈ സാഹചര്യത്തിൽ, പൊതുഗതാഗതത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണെന്നും ബസ് പാതകൾ യാത്രാസമയം കുറയ്ക്കാനും കൂടുതൽ ആളുകളെ ബസ് യാത്രയിലേക്ക് ആകർഷിക്കാനും സഹായിക്കുമെന്നും സി.സി.എ പ്രസിഡന്റ് റോബർട്ട് ഡെക്കർ പറഞ്ഞു. 24 മണിക്കൂർ ബസ് പാതകളുടെ എണ്ണം വർദ്ധിപ്പിക്കുക, കൂടുതൽ സ്ഥലങ്ങളിൽ ട്രാൻസിറ്റ് പ്രയോറിറ്റി സിഗ്നലുകൾ സ്ഥാപിക്കുക, വൻകിട പരിപാടികൾക്ക് പുറമെ പ്രാദേശിക വിപണികളും (613flea) മറ്റ് മത്സരങ്ങളും നടക്കുന്ന സമയത്തും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ്‌ അസോസിയേഷൻ നിർദ്ദേശങ്ങൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!