ടെൽ അവീവ്/ടെഹ്റാൻ: ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ നഗരത്തിന് നേരെ ഇറാൻ വൻതോതിൽ മിസൈലാക്രമണം നടത്തി. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഡിമോണയിലെ 12 കേന്ദ്രങ്ങളിൽ മിസൈലുകൾ പതിക്കുകയും 40-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു 12 വയസ്സുകാരന്റെ നില ഗുരുതരമാണ്. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകൾ നഗരത്തിൽ പതിച്ചത്. ഇറാനിലെ നതാൻസ് ആണവനിലയത്തിന് നേരെ യുഎസും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഡിമോണയെ ലക്ഷ്യമിട്ടതെന്ന് ഇറാൻ സ്റ്റേറ്റ് ടിവി വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെയാണ് ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാന്റെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെ ബങ്കർ ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ അവിടെ റേഡിയോ ആക്ടീവ് ചോർച്ചയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന് പുറമെ ഇന്ത്യൻ സമുദ്രത്തിലെ ഡീഗോ ഗാർഷ്യ എന്ന യുഎസ്-യുകെ സംയുക്ത സൈനിക താവളത്തിന് നേരെയും ഇറാൻ മിസൈലുകൾ തൊടുത്തു. എന്നാൽ ഇത് ലക്ഷ്യം കണ്ടില്ലെന്നാണ് വിവരം.
