വാഷിങ്ടൺ: യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഫെഡറൽ കോടതി. മാധ്യമസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അമേരിക്കൻ ഭരണഘടനയുടെ ഒന്നും അഞ്ചും ഭേദഗതികളുടെ ലംഘനമാണ് ഈ നിയന്ത്രണങ്ങളെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി പോൾ എൽ. ഫ്രീഡ്മാൻ നിരീക്ഷിച്ചു. ന്യൂയോർക്ക് ടൈംസ് നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക വിധി. കഴിഞ്ഞ ഒക്ടോബറിലാണ് പെന്റഗൺ പുതിയ മാധ്യമനയം നടപ്പിലാക്കിയത്. ഇതനുസരിച്ച്, രഹസ്യരേഖകൾ അല്ലെങ്കിൽ പോലും ശേഖരിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രതിരോധ വകുപ്പിന്റെ അനുമതി വാങ്ങണമെന്ന് മാധ്യമപ്രവർത്തകർ കരാർ ഒപ്പിടണമെന്നായിരുന്നു നയം. പെന്റഗണിൽ നിന്ന് റിപ്പോർട്ടർമാർക്ക് വിവരങ്ങൾ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും കഴിയുന്നതിനെ പരിമിതപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നായിരുന്നു വകുപ്പിനെതിരെ ന്യൂയോർക്ക് ടൈംസ് കേസ് ഫയൽ ചെയ്തത്.

സി.ബി.എസ്, എൻ.ബി.സി, സി.എൻ.എൻ, ബി.ബി.സി തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ ഈ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഈ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാർക്ക് പെന്റഗണിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന സ്വഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ സുരക്ഷാ ഭീഷണിയായി കാണുന്നത് അംഗീകരിക്കാനാവില്ലെന്നും അവ്യക്തമായ ഇത്തരം നിയമങ്ങൾ റദ്ദാക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. വിധിയിൽ അതൃപ്തി രേഖപ്പെടുത്തിയ പെന്റഗൺ, ഇതിനെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പ്രതിരോധ വകുപ്പിന്റെ വാദം.
