കെബെക്ക് സിറ്റി: സ്വതന്ത്ര കെബെക്ക് രൂപീകരിക്കപ്പെട്ടാൽ നിലവിലുള്ള ഫെഡറൽ പൊതുസേവന ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന പാർട്ടി കെബെക്കോ നേതാവ് പോൾ സെന്റ് പിയറി പ്ലാമണ്ടന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഗാറ്റിനോ മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് ഫെഡറൽ ഉദ്യോഗസ്ഥരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച റേഡിയോ-കാനഡ പരിപാടിയിൽ സംസാരിക്കവെയാണ് പ്ലാമണ്ടൻ തന്റെ നിലപാട് വ്യക്തമാക്കിയതും വിവാദത്തിലായത്. സ്വതന്ത്ര കെബെക്കിൽ ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നും, ജോലി നഷ്ടപ്പെടുന്നവർക്കായി ട്രാൻസിഷൻ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു പ്ളാമണ്ടൻ പറഞ്ഞത്. ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ ഒരേ ജോലികൾ ആവർത്തിച്ച് ചെയ്യുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ശനിയാഴ്ച ആവർത്തിച്ചു. അതേ സമയം പ്ലാമണ്ടന്റെ ഈ നിലപാട് മുൻകാല പരമാധികാര പ്രസ്ഥാനങ്ങളുടെ (നിലപാടിൽ നിന്നുള്ള മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

ജോലി നഷ്ടപ്പെടുമെന്ന ഭീഷണി മുഴക്കുന്നത് കെബെക്കിൽ സ്വാതന്ത്ര്യത്തിനായുള്ള ജനപിന്തുണ കുറയ്ക്കുമെന്ന് കെബെക്ക് സോളിഡെയർ വക്താവ് സോൾ സനെറ്റി പറഞ്ഞു. 1995-ൽ അന്നത്തെ പ്രീമിയർ ജാക്വസ് പാരിസോ എല്ലാ ഫെഡറൽ ജീവനക്കാരെയും പ്രൊവിൻഷ്യൽ സർവീസിലേക്ക് ഉൾപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ ചരിത്രപരമായ ഒത്തുതീർപ്പിനെ പ്ലാമണ്ടൻ ലംഘിച്ചുവെന്ന് സനെറ്റി കുറ്റപ്പെടുത്തി. മേഖലയിലെ സമ്പദ്വ്യവസ്ഥയ്ക്ക് മേൽ ഈ നിർദ്ദേശം കരിനിഴൽ വീഴ്ത്തിയെന്ന് ലിബറൽ ഹൗസ് ലീഡർ ആന്ദ്രേ ഫോർട്ടിൻ പറഞ്ഞു. പൊതുമേഖലയിലെ വൈദഗ്ധ്യം സംരക്ഷിക്കുന്നതിന് പകരം ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജോലികൾ വെട്ടിക്കുറയ്ക്കുന്നത് വഴി സർക്കാരിന് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നും ഇത് പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നികുതി കുറയ്ക്കുന്നതിനും സഹായിക്കുമെന്നുമാണ് പ്ലാമണ്ടന്റെ വാദം. എന്നാൽ, പുതിയ മന്ത്രാലയങ്ങൾ രൂപീകരിക്കുമ്പോൾ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ആവശ്യമായി വരുമെൈന്ന് അദ്ദേഹത്തിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു.
