ഓട്ടവ : സീറ്റുകളുടെ തകരാറിനെ തുടർന്ന് കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും എഴുപത്തിനായിരത്തോളം ഹ്യുണ്ടായ് വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2026 മോഡൽ ഹ്യുണ്ടായ് പാലിസേഡ് എസ്യുവി-യാണ് തിരിച്ചുവിളിച്ചവ. “ഓട്ടോമാറ്റിക് പവർ ഫോൾഡിങ് (സ്റ്റൗ) അല്ലെങ്കിൽ വൺ-ടച്ച് ടിൽറ്റ്-ആൻഡ്-സ്ലൈഡ് (വാക്ക്-ഇൻ)” പോലുള്ള പവർ ഫോൾഡിങ് ഫംഗ്ഷനുകൾ ഉപയോഗിക്കുമ്പോൾ സീറ്റുകൾ തടസ്സമില്ലാതെ ചലിക്കുന്നതായി കണ്ടെത്തി. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു.

കാനഡയിൽ 7,967 ഹ്യുണ്ടായ് പാലിസേഡ് എസ്യുവി മോഡലുകളാണ് തിരിച്ചുവിളിച്ചത്. യുഎസിലും കാനഡയിലും ഹ്യുണ്ടായി പാലിസേഡ് ലിമിറ്റഡിന്റെയും കാലിഗ്രാഫി ട്രിമ്മുകളുടെയും വിൽപ്പന കാർ നിർമ്മാതാവ് നിർത്തിവച്ചതായി കമ്പനി അറിയിച്ചു. ഈ വാഹനങ്ങളുടെ പവർ സീറ്റ് കൺട്രോൾ സോഫ്റ്റ്വെയർ പരിഹരിക്കുന്നതിനായി ഹ്യുണ്ടായി ഒരു “വയർലെസ് ഓവർ-ദി-എയർ സോഫ്റ്റ്വെയർ അപ്ഡേറ്റ്” വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപകട സമയത്ത് എയർബാഗ് തകരാറിനെത്തുടർന്ന് കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ഇതേ വാഹന നിർമ്മാതാവിൽ നിന്നുള്ള ആറു ലക്ഷത്തിലധികം എസ്യുവികൾ ജനുവരിയിൽ തിരിച്ചുവിളിച്ചിരുന്നു.
