Sunday, March 22, 2026

ഹോര്‍മുസ് കടലിടുക്ക് തുറക്കണം; ഇറാനോട് സംയുക്തമായി ആവശ്യപ്പെട്ട് 22 രാജ്യങ്ങള്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം ആഗോള ഊര്‍ജ്ജ വിപണിയെ തകര്‍ക്കുമെന്ന ഭീതി ശക്തമായതോടെ, ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് 22 രാജ്യങ്ങള്‍ രംഗത്ത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍, ഗ്യാസ് വിതരണ പാതയായ ഹോര്‍മുസ് ഇറാന്‍ തടസ്സപ്പെടുത്തിയത് അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ബഹ്റൈന്‍ തുടങ്ങിയവരും ഈ ആവശ്യത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ലാന്‍ഡ്മൈനുകള്‍ സ്ഥാപിക്കുന്നതും ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു.

ലോകത്തിലെ ആകെ അസംസ്‌കൃത എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഈ പാതയിലുണ്ടാകുന്ന തടസ്സങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്നും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനകം തന്നെ ബ്രിട്ടന്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പാചകവാതക (LPG) ലഭ്യതയിലും പ്രതിസന്ധികള്‍ നിരീക്ഷിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഷിപ്പിങ് റൂട്ടുകളിലെ തടസ്സങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെയുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നാണ് 22 രാജ്യങ്ങളുടെയും ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!