ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമായതോടെ ഇന്ത്യന്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയില്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എയര്‍ ഇന്ത്യ മേഖലയിലേക്കുള്ള 2500 സര്‍വീസുകളാണ് റദ്ദാക്കിയത്. നിലവില്‍ സാധാരണ ഗതിയിലുള്ള സര്‍വീസുകളുടെ 30% മാത്രമാണ് കമ്പനി നടത്തുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കിയതോടെ വരും ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തരത്തില്‍ നിരക്ക് വര്‍ധനവിനും സാധ്യതയുണ്ട്.
മേഖലയിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണില്‍ സംസാരിച്ചു. സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചര്‍ച്ച. അക്രമങ്ങള്‍ വെടിഞ്ഞ് ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കപ്പല്‍ പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നത് ആഗോള വ്യാപാരത്തിനും ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിക്കും അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇറാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയില്‍ എസ്. ജയശങ്കര്‍ പ്രത്യേകം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ഇറാനെ അറിയിച്ചു.
