പണം പിൻവലിക്കുന്നതുപോലെ ഇനി പാചകവാതക സിലിണ്ടറുകളും എടിഎം മെഷീൻ വഴി സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് ബുക്കിംഗും ഡെലിവറി വൈകലും ഒഴിവാക്കി മിനിറ്റുകൾക്കുള്ളിൽ സിലിണ്ടർ ലഭ്യമാക്കുന്ന LPG ATM പദ്ധതിയുമായി ഭാരത് പെട്രോളിയം രംഗത്തെത്തി.
പദ്ധതിയുടെ സവിശേഷതകൾ പരിശോധിക്കാം?
ഗ്യാസ് ഏജൻസികളിൽ വിളിക്കാനോ ഡെലിവറി ബോയ് വരുന്നത് വരെ കാത്തിരിക്കാനോ ഇനി ആവശ്യമില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മെഷീൻ വഴി എപ്പോൾ വേണമെങ്കിലും സിലിണ്ടർ വാങ്ങാം. എടിഎമ്മിൽ മൊബൈൽ നമ്പറും ഒടിപിയും നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കാം. തുടർന്ന് ഒഴിഞ്ഞ സിലിണ്ടർ നിശ്ചിത ഭാഗത്ത് വെച്ച് ഡിജിറ്റലായി പണമടച്ചാൽ ഉടൻ തന്നെ നിറഞ്ഞ സിലിണ്ടർ പുറത്തേക്ക് വരും. വെറും 2 മുതൽ 3 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാം. നിലവിൽ ഹരിയാനയിലെ ഗുരുഗ്രാമിലാണ് ആദ്യ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. 10 കിലോയുടെ സിലിണ്ടറുകളാണ് ഇപ്പോൾ ലഭ്യമാക്കുന്നത്.

എവിടെയൊക്കെ ലഭിക്കും?
പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹി-എൻ.സി.ആർ മേഖലകളിലാണ് ഇപ്പോൾ ഇത് നടപ്പിലാക്കുന്നത്. വൈകാതെ തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ബിപിസിഎല്ലിന് പിന്നാലെ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളും ഈ സംവിധാനം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഫ്ലാറ്റുകളിലും വൻകിട അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ സിലിണ്ടർ ലഭിക്കാത്ത പ്രശ്നത്തിന് ഈ എൽപിജി എടിഎമ്മുകൾ വലിയ ആശ്വാസമാകും.
