ഹവാന: കടുത്ത ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും കാരണം ക്യൂബയിലെ ജനജീവിതം സ്തംഭനാവസ്ഥയിൽ. മാനുഷിക ദൗത്യത്തിനായി ക്യൂബയിലെത്തിയ കനേഡിയൻ സന്നദ്ധ പ്രവർത്തകരായ ലിയാൻ ഐസക്കും എലിസ് ഹ്ജാൽമാർസണുമാണ് ക്യൂബയിലെ ജനജീവിതം ലോകത്തിന് മുന്നിൽ വിവരിക്കുന്നത്.
ക്യൂബയിൽ ഇപ്പോൾ വൈദ്യുതി പോകുന്ന സമയമല്ല, മറിച്ച് വൈദ്യുതി ലഭിക്കുന്ന സമയമാണ് ആളുകൾ നോക്കിയിരിക്കുന്നത്. വൈദ്യുതി ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ പാചകം ചെയ്യാനും ഫോൺ ചാർജ് ചെയ്യാനും വെള്ളം ശേഖരിക്കാനുമായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. മൂന്ന് ദിവസം വരെ തുടർച്ചയായി വൈദ്യുതി ഇല്ലാത്ത അവസ്ഥയുണ്ടെന്ന് ലിയാൻ ഐസക് പറയുന്നു.

ബ്രിട്ടിഷ് കൊളംബിയയിൽ നിന്നുള്ള ഈ സംഘം 14 സ്യൂട്ട്കേസുകൾ നിറയെ മരുന്നുകൾ, സോളാർ ഉപകരണങ്ങൾ, സർജിക്കൽ ഗ്ലൗസുകൾ, സാനിറ്ററി നാപ്കിന്നുകൾ എന്നിവയുമായാണ് ക്യൂബയിലെത്തിയത്. ആശുപത്രികളിലും വനിതാ കേന്ദ്രങ്ങളിലും ഇവ വിതരണം ചെയ്തു. വിമാനത്താവളത്തിൽ ഇറങ്ങിയ നിമിഷം മുതൽ വൈദ്യുതി തടസ്സവും ജനറേറ്ററുകളുടെ മുഴക്കവുമാണ് തങ്ങളെ സ്വീകരിച്ചതെന്ന് അവർ പറയുന്നു.
വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതും അമേരിക്ക ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക ഉപരോധങ്ങളുമാണ് ക്യൂബയെ ഈ അവസ്ഥയിൽ എത്തിച്ചത്. ആശുപത്രികൾ ശസ്ത്രക്രിയകൾ പലതും റദ്ദാക്കി. ഗതാഗത സൗകര്യമില്ലാത്തതിനാലും വൈദ്യുതി ഇല്ലാത്തതിനാലും സർവ്വകലാശാലകൾ ക്ലാസുകൾ വെട്ടിക്കുറച്ചു. ഫ്രിഡ്ജുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷണം കേടാകാതെ സൂക്ഷിക്കാൻ ജനങ്ങൾ പാടുപെടുന്നു.
സാഹചര്യങ്ങൾ അതീവ ഗുരുതരമാണെങ്കിലും ക്യൂബൻ ജനത പരസ്പരം സഹായിച്ചും സന്തോഷം കണ്ടെത്തിയും അതിജീവിക്കാൻ ശ്രമിക്കുകയാണ്. പാതിരാത്രിയിലും തെരുവിലിരുന്ന് ഗെയിമുകൾ കളിച്ചും നൃത്തം ചെയ്തും അവർ തങ്ങളുടെ നിരാശയെ മറികടക്കാൻ ശ്രമിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. റഷ്യയിൽ നിന്ന് ഇന്ധനം എത്തുമെന്ന പ്രതീക്ഷയിലാണെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര സഹായം അനിവാര്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
