ഓട്ടവ: കാനഡയ്ക്ക് പുറത്ത് താമസിക്കുന്ന ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിലെ തടസ്സങ്ങൾ നീക്കണമെന്ന ആവശ്യവുമായി വിദേശത്ത് താമസിക്കുന്ന കനേഡിയൻ ലിബറൽ വോട്ടർമാരുടെ സംഘടനായ ‘ഗ്രിറ്റ്സ് അബ്രോഡ്’. ലോകമെമ്പാടുമായി ഏകദേശം 50 ലക്ഷം കനേഡിയൻ പൗരന്മാർ താമസിക്കുന്നുണ്ടെന്നും ഇതിൽ 35 ലക്ഷത്തോളം പേർ വോട്ട് ചെയ്യാൻ അർഹരാണെന്നും ഗ്രിറ്റ്സ് അബ്രോഡ് ഡയറക്ടർ തിമോത്തി വീൽ വ്യക്തമാക്കി. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിദേശത്തുള്ളവരുടെ വോട്ടിങ് ശതമാനം വളരെ കുറവാണെന്നും ഇത് തിരഞ്ഞെടുപ്പ് ഫലങ്ങളെപ്പോലും ബാധിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.

തപാൽ വഴി മാത്രം വോട്ട് ചെയ്യാനുള്ള സംവിധാനം, വോട്ടെടുപ്പിനുള്ള ചുരുങ്ങിയ സമയം, ബാലറ്റുകൾ കൃത്യസമയത്ത് ലഭിക്കുമോ എന്നതിലെ അനിശ്ചിതത്വം എന്നിവയാണ് പ്രവാസികളെ വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വിദേശ വോട്ടർമാരെ അവഗണിക്കാതെ അവരെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്ന് ഗ്രീറ്റ്സ് അബ്രോഡ് അംഗം ഡാനിയൽ സ്കൂക്ക പറയുന്നു. എംബസികളിലോ കോൺസുലേറ്റുകളിലോ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ഓൺലൈൻ വോട്ടിങ് സംവിധാനം പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വിദേശത്തുള്ളവർക്കായി 1,01,690 വോട്ടിങ് കിറ്റുകൾ അയച്ചിരുന്നെങ്കിലും 57,440 എണ്ണം മാത്രമാണ് കൃത്യസമയത്ത് തിരികെ ലഭിച്ചതെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. ഏകദേശം 20,000 കിറ്റുകൾ സമയം വൈകിയാണ് എത്തിയത്. ഇത് കണക്കിലെടുത്ത് വോട്ടിങ് പ്രക്രിയ കാര്യക്ഷമമാക്കാൻ ഇലക്ഷൻസ് കാനഡ സോഷ്യൽ മീഡിയ വഴി ബോധവൽക്കരണം നടത്തുന്നതായി വക്താവ് മാത്യു മക്കെന്ന പറഞ്ഞു. വിദേശത്തുള്ളവർക്ക് എപ്പോൾ വേണമെങ്കിലും വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഇവർക്ക് ബാലറ്റുകൾ അയച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു.
