മലപ്പുറം: കൊടുവള്ളി മുന്‍ എം.എല്‍.എയും മദ്രസ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ കാരാട്ട് റസാഖ് ഇടത് മുന്നണി വിട്ട് മുസ്ലീം ലീഗിലേക്ക് മടങ്ങുന്നു. പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തില്‍ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ഏറെക്കാലമായി സി.പി.എം നേതൃത്വവുമായി നിലനിന്നിരുന്ന ഭിന്നതകള്‍ക്കൊടുവിലാണ് റസാഖിന്റെ ഈ രാഷ്ട്രീയ ചുവടുമാറ്റം.
കൊടുവള്ളിയില്‍ തന്നെ പരാജയപ്പെടുത്താന്‍ ഇടത് മുന്നണിക്കുള്ളില്‍ തന്നെ ശ്രമങ്ങള്‍ നടന്നുവെന്നും ഇത് സംബന്ധിച്ച് നല്കിയ പരാതികളില്‍ സി.പി.എം ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് റസാഖ് പടിയിറങ്ങുന്നത്. മന്ത്രി റിയാസ് സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്നും വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലതവണ സമീപിച്ചിട്ടും അവഗണന മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പി. ശശിയുടെ ധിക്കാരപരമായ നിലപാടുകള്‍ ഇടതുപക്ഷ സഹയാത്രികര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതൃത്വവും തനിക്കെതിരെ നിലകൊള്ളുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
