ഓട്ടവ: വർഷങ്ങളായി തുടരുന്ന കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി പുതിയ പൈപ്പ്‌ലൈൻ പദ്ധതിയുടെ ആവേശത്തിൽ ലോക ജലദിനം ആഘോഷിച്ച് ‘ഒനീഡ നേഷൻ ഓഫ് തേംസ്’ (ONOT). മൗണ്ട് ബ്രിഡ്ജസിൽ നിന്ന് നേരിട്ട് ഒനീഡയിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള 2.68 കോടി ഡോളറിന്റെ പൈപ്പ്‌ലൈൻ പദ്ധതിക്ക് ലേക്ക് ഹുറോൺ പ്രൈമറി വാട്ടർ സപ്ലൈ സിസ്റ്റം (LHPWSS) ബോർഡ് ഔദ്യോഗികമായി അംഗീകാരം നൽകി. 2019 മുതൽ തുടരുന്ന ജാഗ്രതാനിർദ്ദേശങ്ങൾക്കും കുടിവെള്ള നിയന്ത്രണങ്ങൾക്കും ഇതോടെ അറുതിയാകുമെന്നാണ് കണക്കാക്കുന്നത്.
തേംസ് നദിയുമായി ബന്ധപ്പെട്ട ഭൂഗർഭജല സ്രോതസ്സുകളെയാണ് ഒനീഡ നേഷൻ നിലവിൽ ആശ്രയിക്കുന്നത്. എന്നാൽ കൃഷിയിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും മലിനജലവും കലർന്ന് ഈ സ്രോതസ്സ് ഉപയോഗശൂന്യമായതോടെ 2022-ൽ ഇവിടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. നിലവിൽ ഓരോ ആഴ്ചയും കമ്മ്യൂണിറ്റി സെന്ററിലെത്തി കുപ്പി വെള്ളം ശേഖരിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നത് വലിയ സമയനഷ്ടമുണ്ടാക്കുന്നതായും ഇത് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണെന്നും വാട്ടർ ഡിപ്പാർട്ട്‌മെന്റ് മാനേജർ റോബ് കോർണേലിയസ് പറഞ്ഞു.

പദ്ധതിയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മെയ് മാസത്തോടെ നിർമ്മാണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത വർഷം ഇതേ സമയത്തോടെ പൈപ്പ്‌ലൈൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുദ്ധജലം ലഭ്യമാകുന്നതോടെ മികച്ച പാർപ്പിട സൗകര്യങ്ങൾ വികസിപ്പിക്കാനും ഒനീഡ നേഷന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കുമെന്ന് ചീഫ് ടോഡ് കോർണേലിയസ് വ്യക്തമാക്കി. അയൽ നഗരങ്ങളിലെപ്പോലെ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാകുന്നത് ഒനീഡയുടെ ഭാവി മാറ്റിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
