വാർസോ: യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗങ്ങളിലെ രഹസ്യ വിവരങ്ങൾ ഹംഗറി റഷ്യയ്ക്ക് ചോർത്തി നൽകുന്നുണ്ടെന്ന വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ശരിവെച്ച് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് രംഗത്ത്. ഹംഗേറിയൻ ഭരണകൂടം വർഷങ്ങളായി മോസ്കോയ്ക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതേക്കുറിച്ച് പോളണ്ടിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും, ഇക്കാരണത്താലാണ് താൻ യൂറോപ്യൻ കൗൺസിൽ യോഗങ്ങളിൽ വളരെ കുറച്ച് മാത്രം സംസാരിക്കാറുള്ളതെന്നും ടസ്ക് വ്യക്തമാക്കി.
ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ, യൂറോപ്യൻ യൂണിയൻ യോഗങ്ങളുടെ ഇടവേളകളിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനെ വിളിച്ച് ചർച്ചകളുടെ വിശദാംശങ്ങൾ കൈമാറാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഡൊണാൾഡ് ടസ്കിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് സിജാർട്ടോ പ്രതികരിച്ചു. ഹംഗറിയിൽ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പ്രതിപക്ഷ പാർട്ടിയായ ‘തിസ്സ’യെ സഹായിക്കാനാണ് പോളണ്ട് ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രെയ്ൻ സഹായം തടയുന്നതും റഷ്യയോടുള്ള മൃദുസമീപനവും കാരണം പോളണ്ടും ഹംഗറിയും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണ്. ഹംഗറിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പുറത്തുവന്ന ഈ റിപ്പോർട്ടുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിഷയമായാണ് ഈ ചാരവൃത്തി ആരോപണത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.
