ബൊഗോട്ട: കൊളംബിയയിൽ നൂറിലധികം സൈനികരുമായി പറന്നുയർന്ന സി-130 ഹെർക്കുലീസ് വിമാനം തകർന്നു വീണതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ മേഖലയിലുള്ള പ്യൂർട്ടോ ലെഗുസാമോയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും 77 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന നാൽപ്പതിലധികം പേരെക്കുറിച്ച് വിവരമൊന്നും ലഭ്യമല്ല.
114 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഭൂരിഭാഗവും സൈനിക ഉദ്യോഗസ്ഥരായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് മൈൽ പരിധിയിൽ വെച്ചാണ് വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതകളില്ലെന്നും വിമാനം നല്ല നിലയിലായിരുന്നുവെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. തകർന്നുവീണ വിമാനത്തിൽ നിന്നും കറുത്ത പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അമേരിക്കൻ വ്യോമസേന 2020-ൽ കൊളംബിയയ്ക്ക് കൈമാറിയ പഴയ മോഡൽ വിമാനമാണിത്. സൈന്യത്തിന്റെ ആധുനികവൽക്കരണത്തിൽ ഉണ്ടായ വീഴ്ചയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പ്രസിഡന്റ് പെട്രോ കുറ്റപ്പെടുത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കായി സൈന്യവും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
