എഡ്മിന്റൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ നഗ്നചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും എതിരെ ശക്തമായ നിയമനടപടികളുമായി ആൽബർട്ട. നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട്, ഇത്തരം ഡീപ്ഫേക്ക് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി കേസ് ഫയൽ ചെയ്യാനും നഷ്ടപരിഹാരം ഈടാക്കാനും പരാതിക്കാർക്ക് അധികാരം നൽകുമെന്ന് ആൽബെർട്ട സർക്കാർ പ്രഖ്യാപിച്ചു.
ഇത്തരം വ്യാജ ദൃശ്യങ്ങൾ വ്യക്തികളുടെ അന്തസ്സിനും മാനസികാരോഗ്യത്തിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നുവെന്ന് സാങ്കേതികവിദ്യാ മന്ത്രി നേറ്റ് ഗ്ലൂബിഷ് പറഞ്ഞു. ചിത്രങ്ങൾക്കും വിഡിയോകൾക്കും പുറമെ കൃത്രിമമായി നിർമ്മിച്ച ഓഡിയോ റെക്കോർഡിങ്ങുകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ ഈ നീക്കത്തെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ സ്വാഗതം ചെയ്തു. മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബെർട്ടയിൽ ഇത്തരം നിയമങ്ങൾ പിന്നിലാണെന്നും, കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമത്തിന് കൂടുതൽ കരുത്ത് നൽകണമെന്നും ചിനൂക്ക് സെക്ഷ്വൽ അസോൾട്ട് സെന്റർ സിഇഒ ക്രിസ്റ്റിൻ കാസ്സി പറഞ്ഞു.
